കോഴിക്കോട്: കേന്ദ്ര സർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പുവെച്ച നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം 'സുപ്രഭാതം' രംഗത്തെത്തി. പാർട്ടിയോ, മുന്നണിയോ, മന്ത്രിമാരോ അറിയാതെ ഏത് രാഷ്ട്രീയ തീരുമാനവും തിരുത്തിക്കുറിക്കാൻ സർക്കാരിൽ ആരാണുള്ളതെന്നും മുഖപത്രം ചോദ്യം ചെയ്യുന്നു.(Samastha mouthpiece strongly criticizes the government on PM SHRI scheme)
സിപിഐ പദ്ധതിക്കെതിരെ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചപ്പോൾ, വിഷയം ചർച്ച ചെയ്തേ നടപടി സ്വീകരിക്കൂ എന്നാണ് എം.എ. ബേബി പറഞ്ഞത്. എന്നാൽ, അദ്ദേഹം പറയും മുൻപ് തന്നെ ആറു ദിവസം മുൻപ് കരാർ ഒപ്പിട്ട കാര്യം എം.എ. ബേബി പോലും അറിഞ്ഞിട്ടില്ല എന്ന് ഇതിൽ പറയുന്നു.
"ബിനോയ് വിശ്വത്തിന് ഒന്ന് ശബ്ദിക്കാൻ പോലും കഴിയാതെ പോകുമോ എന്നതാണ് ആശങ്ക" എന്നും മുഖപത്രം പറയുന്നു. "ഏത് സിപിഐ" എന്ന് എം.വി. ഗോവിന്ദൻ പോലും ചോദിച്ച കാലത്ത് ബിനോയ് വിശ്വം എന്തുചെയ്യാനാണെന്നും പരിഹസിക്കുന്നു.
ദേശീയ വിദ്യാഭ്യാസ നയം (NEP) അപ്പാടെ കാവിവൽക്കരണത്തിൻ്റേതാണെന്ന് ഇടതു ബുദ്ധിജീവികളെക്കൊണ്ട് പഠിപ്പിച്ചതാണ്. ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ 15 അപകടങ്ങളെക്കുറിച്ച് മുമ്പ് റിയാസിനെക്കൊണ്ട് പോലും കുറിപ്പെഴുതിപ്പിച്ചിട്ടുണ്ട്. പിഎം ശ്രീയിൽ ഒപ്പുവെക്കില്ലെന്ന് ആണയിട്ട് പറഞ്ഞ മന്ത്രി, ഇന്ന് ഒരു ദിവസം ചോദിക്കുന്നത്, "എൻഇപിയിൽ എന്താ കുഴപ്പം?" എന്നാണ് ന്നും ഇതിൽ വിമർശനമുണ്ട്.
പാർട്ടിയുടെയോ മുന്നണിയുടെയോ അനുമതിയില്ലാതെ പ്രധാനപ്പെട്ട രാഷ്ട്രീയ തീരുമാനങ്ങൾ ഏകപക്ഷീയമായി എടുക്കുന്നതിലുള്ള കടുത്ത അതൃപ്തിയാണ് സമസ്ത മുഖപത്രം ലേഖനത്തിലൂടെ പങ്കുവെക്കുന്നത്.