കട്ടക്കലിപ്പിൽ സൽമാൻ; അവസാന 12 പന്തിൽ പിറന്നത് 11 സിക്സറുകൾ

കട്ടക്കലിപ്പിൽ സൽമാൻ; അവസാന 12 പന്തിൽ പിറന്നത് 11 സിക്സറുകൾ
SIDDHARTH DWIVEDI
Published on

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ.) ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തി കാലിക്കറ്റ് താരം സൽമാൻ നിസാറിൻ്റെ വെടിക്കെട്ട് പ്രകടനം. ട്രിവാൻഡ്രം റോയൽസിനെതിരെയുള്ള നിർണായക മത്സരത്തിൽ അവസാന രണ്ട് ഓവറുകളിൽ സൽമാൻ അടിച്ചുകൂട്ടിയത് 69 റൺസാണ്. ടീം 13.1 ഓവറിൽ 76 റൺസിന് 4 വിക്കറ്റ് എന്ന നിലയിൽ പരുങ്ങലിലായിരുന്നപ്പോഴാണ് സൽമാൻ ക്രീസിലെത്തിയത്. പതിയെ മുന്നേറി 18-ാം ഓവറിൽ 115 റൺസിലെത്തി നിൽക്കുകയായിരുന്ന കാലിക്കറ്റിൻ്റെ സ്കോർ ബോർഡിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയത് സൽമാൻ്റെ ബാറ്റിങ് വെടിക്കെട്ടാണ്.

ബേസിൽ തമ്പി എറിഞ്ഞ 18-ാം ഓവറിലെ ആദ്യ പന്തിൽ ഡീപ്പ് ബാക്ക്‌വേർഡ് പോയിന്റിലൂടെ സിക്സടിച്ച് തുടങ്ങിയ സൽമാൻ, പിന്നീട് പന്ത് നിലം തൊടീച്ചില്ല. ആ ഓവറിൽ 5 പന്തുകളും സിക്സറുകളാക്കി മാറ്റി 30 റൺസ് നേടി. അവസാന പന്തിൽ ഒരു റൺസ് എടുത്ത് സ്ട്രൈക്ക് നിലനിർത്തി.

അഭിജിത്ത് പ്രവീൺ എറിഞ്ഞ 19-ാം ഓവറിലെ ആദ്യ പന്തിൽ ലോങ് ഓഫിലൂടെ വീണ്ടും സിക്സർ നേടി. രണ്ടാം പന്ത് വൈഡും, മൂന്നാം പന്ത് നോബോളും ആയി. നോബോളിൽ രണ്ട് റൺസ് കൂടി നേടിയ സൽമാൻ, പിന്നീടുള്ള 5 പന്തുകളും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പുറത്തേക്ക് പറത്തി. അവസാന ഓവറിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് ആകെ നേടിയത് 40 റൺസാണ്.ഇതോടെ ടീം സ്കോർ 186 റൺസിലെത്തുകയായിരുന്നു.സൽമാൻ പുറത്താകാതെ 26 പന്തിൽ 12 സക്സറിന്റെ അകമ്പടിയോടെ 86 റൺസാണ് അടിച്ച് കൂട്ടിയത്. സൽമാൻ്റെ ബാറ്റിംഗ് മികവ് കെ.സി.എൽ. ചരിത്രത്തിലെ അവിസ്മരണീയമായ പ്രകടനമായി അടയാളപ്പെടുത്തും.

Related Stories

No stories found.
Times Kerala
timeskerala.com