
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്കരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കൾ (25 ശതമാനം വീതം) പി.എഫിൽ ലയിപ്പിച്ച് ധന വകുപ്പ് ഉത്തരവിട്ടു. എന്നാൽ, ഈ തുക പിൻവലിക്കാൻ സാധിക്കുക 2026 ഏപ്രിലിന് ശേഷമാണ്. അതേസമയം 2021 മേയ് 31ന് ശേഷം വിരമിച്ചവർ, വിരമിക്കുന്നതിന്റെ മുന്നോടിയായി പി.എഫ് അക്കൗണ്ട് അവസാനിപ്പിച്ചവർ എന്നിവരുടെ ശമ്പളപരിഷ്കരണ കുടിശ്ശികയുടെ ഒന്നും രണ്ടും ഗഡുക്കൾ ഒറ്റത്തവണ പണമായി അനുവദിക്കും.
2026 ഏപ്രിൽ ഒന്നിന് മുമ്പ് വിരമിക്കുന്നവർക്ക് നേരത്തെ പിൻവലിക്കാം. ഇതിലേതാണോ ആദ്യം വരുന്നത് അപ്പോഴേ തുക പിൻവലിക്കാനാവൂ. ഫലത്തിൽ ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ ആദ്യ രണ്ട് ഗഡുക്കൾ കൊടുക്കേണ്ട ഉത്തരവാദിത്തവും അടുത്ത സർക്കാറിന്റെ തലയിലാകും.