‘വേട്ടക്കാരെ സംരക്ഷിക്കാന്‍ വന്ന സജി ചെറിയാനും രാജിവയ്ക്കണം’; വി.ഡി സതീശൻ

‘വേട്ടക്കാരെ സംരക്ഷിക്കാന്‍ വന്ന സജി ചെറിയാനും രാജിവയ്ക്കണം’; വി.ഡി സതീശൻ

Published on

രണ്ടു പേരുടെ രാജിയില്‍ എല്ലാം തീരുമെന്ന് സര്‍ക്കാര്‍ കരുതരുതെന്നും വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇറങ്ങിയ സാംസ്‌കാരിക മന്ത്രി സജി ചെറിയാനും രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തും അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ധിഖും രാജിവച്ച നടപടിയെ സ്വാഗതം ചെയ്യുന്നു. അക്കാദമി ചെയര്‍മാനെ സംരക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഗുരുതര ആരോപണത്തിന്റെ സാഹചര്യത്തില്‍ രാജി അനിവാര്യമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കുകയും പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിക്കുകയും വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇരകളെ തള്ളിപ്പറയുകയും ചെയ്ത സജി ചെറിയാനും മന്ത്രി സ്ഥാനം രാജിവയ്ക്കണം. സാംസ്‌കരിക മന്ത്രി പരസ്യമായി രംഗത്തുവന്ന് വേട്ടക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ചത് കേരളത്തിന് തന്നെ അപമാനമാണ്. നിയമപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്തം നിറവേറ്റാതെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സജി ചെറിയാന് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് ഇരിക്കാനുള്ള അര്‍ഹതയില്ല. സ്വമേധയാ രാജി വച്ചില്ലെങ്കില്‍ രാജി ചോദിച്ചുവാങ്ങാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Times Kerala
timeskerala.com