

തിരുവനന്തപുരം: ആറ്റിങ്ങൽ നാവായിക്കുളത്ത് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് വൻ അപകടം. തൃശൂർ സഹൃദയ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ 3.30-ഓടെയാണ് സംഭവം. വിഴിഞ്ഞം തുറമുഖം സന്ദർശിക്കാൻ പോകുകയായിരുന്ന വിദ്യാർത്ഥി സംഘമാണ് അപകടത്തിൽപ്പെട്ടത്.
42 വിദ്യാർത്ഥികളാണ് ബസ്സിൽ ഉണ്ടായിരുന്നത്. നാവായിക്കുളത്ത് വെച്ച് നിയന്ത്രണം വിട്ട ബസ് റോഡിന് സമീപത്തെ വീടിന്റെ വശത്തേക്ക് മറിയുകയായിരുന്നു. പുലർച്ചെ ആയതിനാൽ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ആകെ 17 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.ഒരു വിദ്യാർത്ഥിയുടെ ശരീരത്തിൽ കമ്പി തുളച്ചുകയറിയ നിലയിലാണ്.പരിക്കേറ്റവരെ ഉടൻ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടം നടന്നയുടനെ നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസ് വീടിന് മുകളിലേക്ക് മറിഞ്ഞതിനാൽ വലിയ ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.