

കൊച്ചി: എറണാകുളം - കെ.എസ്.ആർ. ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ഉദ്ഘാടന യാത്രയിൽ വിദ്യാർഥികളെക്കൊണ്ട് 'ഗണഗീതം' പാടിച്ചതിനെ തുടർന്ന് വിവാദം. സ്കൂൾ യൂണിഫോം ധരിച്ച കുട്ടികൾ ട്രെയിൻ കോച്ചിനുള്ളിൽ ഗണഗീതം ആലപിക്കുന്ന വീഡിയോ ദക്ഷിണ റെയിൽവേ അവരുടെ ഔദ്യോഗിക 'എക്സ്' (X) പേജിൽ പങ്കുവെച്ചതാണ് വിവാദമായത്. വിവാദമായതോടെ പോസ്റ്റ് ഉടൻ തന്നെ പിൻവലിച്ചു.
വീഡിയോ പങ്കുവെച്ച് ദക്ഷിണ റെയിൽവേ നൽകിയ കുറിപ്പ് ഇങ്ങനെയായിരുന്നു:
"ഉദ്ഘാടന സ്പെഷ്യൽ എറണാകുളം - കെ.എസ്.ആർ. ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിൽ ആനന്ദത്തിന്റെ ഗാനം. ആ നിമിഷത്തിന്റെ ചൈതന്യം ആഘോഷിച്ചുകൊണ്ട് സ്‌കൂൾ വിദ്യാർഥികൾ കോച്ചുകളിൽ ദേശഭക്തി ഗാനങ്ങൾ നിറച്ചു."ഗണഗീതത്തെ 'ദേശഭക്തി ഗാന'മായി വിശേഷിപ്പിച്ചതാണ് വിമർശനങ്ങൾക്ക് കാരണമായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് (വാരാണസിയിൽ നിന്ന്) വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്.
എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്നാണ് എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് ട്രെയിനിൻ്റെ ഉദ്ഘാടനയോട്ടം ആരംഭിച്ചത്.
ട്രെയിനിൻ്റെ സാധാരണ സർവീസ് നവംബർ 11-ന് ആരംഭിക്കും. കേരളത്തിന് അനുവദിച്ച മൂന്നാമത്തെ വന്ദേഭാരത് ട്രെയിൻ ആണിത്.