തിരുവനന്തപുരം : ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ച് സുപ്രീം കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്.ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു പ്രശാന്ത്.
നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ശബരിമലയിലെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സംബന്ധിച്ച് സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. നമുക്ക് നിയമവിദഗ്ധരുമായി കൂടിയാലോചിക്കണം. കൂടിയാലോചിച്ച് എന്താണോ ചെയ്യാന്‍ കഴിയുന്നത് അത് ചെയ്യും. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ എന്താണെന്ന് അറിയാമല്ലോ എല്ലാവര്‍ക്കും. അവ സുപ്രീം കോടതിയെ ബോധ്യപ്പെടുത്താന്‍ പരിശ്രമിക്കും. ഒപ്പംതന്നെ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് എന്താണോ ചെയ്യേണ്ടത് അത് ചെയ്യുമെന്ന് പ്രശാന്ത് പറഞ്ഞു.
സെപ്റ്റംബര്‍ 20ന് പമ്പയില്‍ ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മത, സാമുദായിക സംഘടനകള്‍ വലിയതോതിലുള്ള പിന്തുണയാണ് സംഗമത്തിനു നല്‍കുന്നതെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. സംഗമത്തിനുള്ള റജിസ്‌ട്രേഷന്‍ ആരംഭിച്ചു.
സംഗമത്തിന്റെ ചെലവ് പൂര്‍ണമായും സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തും. പങ്കെടുക്കുന്നവരുടെ താമസസൗകര്യം ഉള്‍പ്പെടെ നാലു കോടിയോളം ചെലവു പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയായാണ് സംഘാടകസമിതി രൂപീകരിക്കുന്നത്.