തിരുവനന്തപുരം: ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശബരിമല തന്ത്രി കണ്ഠര് രാജീവര് ആശുപത്രി വിട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ 24 മണിക്കൂർ നിരീക്ഷണത്തിലായിരുന്ന അദ്ദേഹത്തെ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഡിസ്ചാർജ് ചെയ്തു. തുടർന്ന് പോലീസ് അദ്ദേഹത്തെ തിരികെ സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി.
ശനിയാഴ്ച രാവിലെ ജയിലിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നത്.
സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ശബരിമലയിലെ ദ്വാരപാലക ശില്പ പാളികൾ (കട്ടിളപ്പാളി) കടത്തിയ കേസിലും തന്ത്രിയെ പ്രതിചേർക്കാൻ പ്രത്യേക അന്വേഷണ സംഘം (SIT) തീരുമാനിച്ചു. സ്വർണ്ണപ്പാളി ചെമ്പാക്കി മാറ്റിയ മഹസറിൽ തന്ത്രി ഒപ്പിട്ടിരുന്നു. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.ക്ഷേത്ര സ്വത്തുക്കൾ സംരക്ഷിക്കാൻ തന്ത്രിക്ക് ബാധ്യതയുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
തന്ത്രിക്ക് ദേവസ്വം ബോർഡ് നൽകുന്ന തുക 'ദക്ഷിണ'യല്ല, മറിച്ച് 'പടിത്തരം' എന്ന പ്രതിഫലമാണെന്നും അതിനാൽ അദ്ദേഹം ഉത്തരവാദിത്തപ്പെട്ട ഒരു ഉദ്യോഗസ്ഥന് തുല്യനാണെന്നുമാണ് എസ്.ഐ.ടിക്ക് ലഭിച്ച നിയമോപദേശം.കട്ടിളപ്പാളികൾ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് പുറത്തേക്ക് കൊണ്ടുപോകാൻ തന്ത്രി മൗനാനുവാദം നൽകിയെന്നും ഇത് ഗുരുതരമായ വീഴ്ചയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.