പത്തനംതിട്ട: ഭക്തിസാന്ദ്രമായ മകരവിളക്ക് ഉത്സവത്തിന്‍റെ ചടങ്ങുകൾ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു. ഇന്ന് പുലർച്ചെ തീര്‍ഥാടകര്‍ക്ക് ദര്‍ശനം ഉണ്ടായിരുന്നില്ല. പന്തളം രാജപ്രതിനിധിക്ക് മാത്രമായിരുന്നു ഇന്ന് ദര്‍ശനം നടത്താന്‍ അനുവാദം ഉണ്ടായിരുന്നത്.
അയ്യപ്പ വിഗ്രഹത്തെ വിഭൂതി കൊണ്ട് മൂടി യോഗനിദ്രയിലാക്കിയ ശേഷമാണ് ശ്രീകോവിൽ നടയടച്ചത്. ദര്‍ശനത്തിന് ശേഷം രാജപ്രതിനിധി പതിനെട്ടാം പടി ഇറങ്ങിയതോടെ മേല്‍ശാന്തി ശ്രീകോവില്‍ പൂട്ടി താക്കോല്‍ കൈമാറി. മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് അയ്യപ്പന് ചാര്‍ത്തിയ തിരുവാഭരണങ്ങൾ വഹിച്ചുകൊണ്ടുള്ള പേടകങ്ങൾ ഇതിനു മുൻപേ പന്തളത്തേക്ക് യാത്രയായിരുന്നു.
പതിനെട്ടാം പടിക്ക് മുന്നില്‍ രാജപ്രതിനിധിയും ശബരിമല മേല്‍ശാന്തിയും സാഷ്ടാംഗം പ്രണാമം നടത്തിയതോടെ ഈ വർഷത്തെ ഉത്സവ ചടങ്ങുകൾക്ക് ഔദ്യോഗികമായ അവസാനമായി. തുടര്‍ന്ന് താക്കോല്‍കൂട്ടവും ഒരു വര്‍ഷത്തെ പൂജാ ചെലവിനുള്ള പണക്കിഴിയും ദേവസ്വം അധികാരികള്‍ക്ക് രാജപ്രതിനിധി കൈമാറി. മാളികപ്പുറം മേല്‍ശാന്തി ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങുകൾക്ക് സാക്ഷിയായി സന്നിധാനത്തുണ്ടായിരുന്നു.
മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തിന് ഇതോടെ ശുഭസമാപ്തിയായി. മേടമാസ പൂജകൾക്കായി ഇനി നട വീണ്ടും തുറക്കും.