തിരുവനന്തപുരം: ശബരിമല മകരവിളക്ക് തീർഥാടനത്തിന് മുന്നോടിയായി സംസ്ഥാന സർക്കാർ പ്രാഥമിക ഒരുക്കങ്ങൾ പോലും നടത്തിയിട്ടില്ലെന്ന് ആരോപിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ശബരിമല വിഷയത്തിൽ നിന്ന് പൂർണ്ണമായി പിന്മാറിയ അവസ്ഥയാണ് നിലനിൽക്കുന്നതെന്നും, അതിനാൽ ശബരിമല കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Sabarimala should be taken over by the Central Govt, says PK Krishna Das)
എല്ലാ വർഷവും ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ മുന്നൊരുക്ക യോഗങ്ങൾ നടക്കാറുണ്ടായിരുന്നു. എന്നാൽ ഈ വർഷം ഒരു മന്ത്രിമാരും ഇതുവരെ യോഗം വിളിച്ചതായി ആർക്കും അറിയില്ല. മുന്നൊരുക്കങ്ങളിൽ നിന്ന് സർക്കാർ പിൻവാങ്ങിയ അവസ്ഥയെ യാദൃച്ഛികമായി കാണുന്നില്ല. ഈ നീക്കങ്ങൾ ആസൂത്രിതമാണെന്നും ശബരിമല തീർഥാടകരെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാരിനും ബോർഡിനും 'സ്വർണ മോഷണത്തിൽ അല്ലാതെ' ശബരിമല വിഷയത്തിൽ താൽപര്യമില്ലാത്ത അവസ്ഥയാണ്. പത്തനംതിട്ടയിൽ ജില്ലാ ആശുപത്രി പ്രവർത്തിക്കുന്നില്ല. പകരം സൗകര്യം ഒരുക്കിയ കോന്നി മെഡിക്കൽ കോളേജിൽ ഒരു സംവിധാനവുമില്ല. തീർഥാടകർക്കായി ആരോഗ്യ സംവിധാനങ്ങൾ പോലും ഒരുക്കുന്നതിൽ ഉദ്യോഗസ്ഥർ കൈമലർത്തുന്നു.
ശബരിമലയിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി ഗൃഹസന്ദർശന പരിപാടി പ്രഖ്യാപിച്ചു. ശബരിമലയിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഒപ്പ് ശേഖരണം നടത്തും. വീടുകളിൽ കയറി വിശ്വാസികളെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തും. കേരളത്തിൽ മാത്രമല്ല, മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഈ ക്യാമ്പയിൻ നടത്തുമെന്നും പി.കെ. കൃഷ്ണദാസ് വ്യക്തമാക്കി. സംസ്ഥാന സർക്കാർ തീർത്ഥാടനത്തോടുള്ള നിസ്സംഗത തുടർന്നാൽ അത് ഭക്തജനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.