തിരുവനന്തപുരം : ശബരിമലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി നാമജപ പ്രതിഷേധം നടത്തും. മറ്റന്നാൾ മുതൽ വരുന്ന ഞായറാഴ്ച വരെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നാമജപ പ്രതിഷേധ പരിപാടി നടത്തും.ദേവസ്വം ബോർഡ് പ്രസിഡന്റ് രാജിവയ്ക്കുക, ശബരിമലയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ സിബിഐ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നാമജപ പ്രതിഷേധം.
അതേസമയം, ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലൻസ് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയെടുത്തു. മൊഴിയെടുപ്പ് നാലുമണിക്കൂറോളം നീണ്ടു. അറിയാവുന്നതെല്ലാം പറഞ്ഞിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോടു പ്രതികരിച്ചു.
ദേവസ്വം വിജിലൻസ് ആസ്ഥാനത്ത് എസ്പി സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്. 1998ൽ വിജയ് മല്യ ശ്രീകോവിലും ദ്വാരപാലകശില്‍പങ്ങളും ഉള്‍പ്പെടെ സ്വർണം പൊതിഞ്ഞതു മുതൽ 2019ൽ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം പൂശിയതു വരെയുള്ള വിവരങ്ങളാണ് വിജിലൻസ് അന്വേഷിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി ആരോടൊക്കെ പണം പിരിച്ചെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.