കൊല്ലം: തെന്മല ഒറ്റക്കൽ ഭാഗത്ത് കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ അന്യസംസ്ഥാന ശബരിമല തീർഥാടകർ ഒഴുക്കിൽപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ചെന്നൈയിൽ നിന്നുമെത്തിയ തീർഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. ആറ്റിലെ പാറക്കെട്ടുകളിൽ മുറുകെ പിടിക്കാൻ സാധിച്ചതിനാൽ വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്.
അപകടങ്ങൾ പതിവായതിനെത്തുടർന്ന് ഇവിടെ നദിയിൽ ഇറങ്ങുന്നത് തടയാൻ അധികൃതർ സുരക്ഷാ വേലികൾ സ്ഥാപിച്ചിരുന്നു. എന്നാൽ, ചിലർ ഈ വേലിയുടെ പൂട്ട് തകർത്ത് അകത്തുകടന്നതാണ് അപകടത്തിന് വഴിയൊരുക്കിയത്.
നിരവധി പേർ മുങ്ങിമരിച്ചിട്ടുള്ള അപകട മേഖലയാണിത്. അപകട സൂചന നൽകുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും തീർഥാടകർ ഇത് അവഗണിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. സുരക്ഷാ വേലിയുടെ പൂട്ട് തകർത്തത് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് പുഴയിലേക്ക് എളുപ്പത്തിൽ ഇറങ്ങാൻ സൗകര്യമൊരുക്കി.
കല്ലടയാറ്റിൽ പെട്ടെന്നുണ്ടാകുന്ന ഒഴുക്കും ചുഴികളും പുഴയെക്കുറിച്ച് ധാരണയില്ലാത്തവർക്ക് ഭീഷണിയാകുന്നുണ്ട്.
അപകടം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് തീർഥാടകരെ കരയ്ക്കെത്തിച്ചത്. പുഴയിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.