

സന്നിധാനം: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ജനുവരി 20-ന് തിരശ്ശീല വീഴുമ്പോൾ, ശബരിമല ചരിത്രത്തിലെ ഏറ്റവും വിജയകരമായ തീർത്ഥാടന കാലമായി ഇത് മാറുന്നു. 52 ലക്ഷത്തിലധികം തീർത്ഥാടകർ മലകയറിയപ്പോൾ, ദേവസ്വം ബോർഡിന് ലഭിച്ച വരുമാനം 435 കോടി രൂപ കടന്നു.
റെക്കോർഡ് വരുമാനം ചുരുക്കത്തിൽ:
ആകെ വരുമാനം: ₹435 കോടി (ചരിത്രത്തിലെ ഏറ്റവും ഉയർന്നത്)
അരവണ വിൽപന: ₹204 കോടി
കാണിക്ക: ₹118 കോടി
മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും നേതൃത്വത്തിൽ മാസങ്ങൾക്ക് മുൻപേ നടന്ന അവലോകന യോഗങ്ങളും പത്തോളം പ്രധാന സർക്കാർ യോഗങ്ങളുമാണ് സൗകര്യങ്ങൾ ഉറപ്പാക്കിയത്. 2,600 ടോയ്‌ലറ്റുകൾ, നിലയ്ക്കലിൽ 10,500 വാഹനങ്ങൾക്കുള്ള പാർക്കിംഗ്, പമ്പയിലെ പുതിയ ജർമ്മൻ പന്തലുകൾ എന്നിവ ഭക്തരുടെ ബുദ്ധിമുട്ടുകൾ കുറച്ചു.
20 ലക്ഷം പേർക്ക് അന്നദാനവും ക്യൂ നിൽക്കുന്നവർക്ക് 10,000 ലിറ്റർ ശേഷിയുള്ള ബോയിലറുകൾ വഴി ചുടുവെള്ളവും 50 ലക്ഷം ബിസ്‌ക്കറ്റ് പാക്കറ്റുകളും വിതരണം ചെയ്തു. സന്നിധാനത്ത് ഇ.സി.ജി, എക്കോ സൗകര്യങ്ങൾ. പമ്പ മുതൽ സന്നിധാനം വരെ 15 അടിയന്തര ചികിത്സാ കേന്ദ്രങ്ങളും 70 കിടക്കകളുള്ള ആശുപത്രി സംവിധാനവും പ്രവർത്തിച്ചു.
18,741 പോലീസ് ഉദ്യോഗസ്ഥരാണ് തീർത്ഥാടന പാതയിൽ സേവനമനുഷ്ഠിച്ചത്. കെ.എസ്.ആർ.ടി.സി, വനം, അഗ്നിരക്ഷാസേന തുടങ്ങി 33 സർക്കാർ വകുപ്പുകളുടെ സംയുക്ത പ്രവർത്തനം ഇത്തവണത്തെ തിരക്ക് നിയന്ത്രിക്കുന്നതിൽ നിർണ്ണായകമായി.