ശബരിമല: മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി സന്നിധാനത്തും പരിസരപ്രദേശങ്ങളിലും തീർഥാടകർക്ക് ജ്യോതി ദർശനം നടത്തുന്നതിനായി 15 പ്രധാന വ്യൂ പോയിന്റുകൾ ഒരുങ്ങി. ദർശന പുണ്യത്തിനായി എത്തുന്ന ലക്ഷക്കണക്കിന് ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ പോലീസും ആരോഗ്യവകുപ്പും സംയുക്തമായി വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
തടസ്സമില്ലാതെ മകരവിളക്ക് ദർശിക്കാൻ കഴിയുന്ന സന്നിധാനത്തെ സ്ഥലങ്ങൾ താഴെ പറയുന്നവയാണ്:
തിരുമുറ്റം, മാളികപ്പുറത്തെ മണിമണ്ഡപം, അന്നദാന മണ്ഡപം.
പാണ്ടിത്താവളം, പാണ്ടിത്താവളം ജലസംഭരണി, ഹോട്ടൽ സമുച്ചയത്തിന് പിന്നിലെ ഗ്രൗണ്ട്.
ഡോണർ ഹൗസ് മുറ്റം, ഇൻസിനറേറ്റർ പരിസരം, ദർശൻ കോംപ്ലക്സ് പരിസരം.
ബിഎസ്എൻഎൽ ഓഫീസിന് എതിർവശം, കൊപ്രാക്കളം, ആഴിയുടെ പരിസരം.
ജ്യോതി നഗർ, ഫോറസ്റ്റ് ഓഫീസ് പരിസരം, ജല അതോറിറ്റി ഓഫീസ് പരിസരം.
സുരക്ഷാ ക്രമീകരണങ്ങൾ
ഏറ്റവും കൂടുതൽ തീർഥാടകർ തങ്ങുന്ന പാണ്ടിത്താവളത്തിൽ ദേവസ്വം ബോർഡ് പ്രത്യേക ബാരിക്കേഡുകൾ സ്ഥാപിക്കും. പമ്പയിൽ ഹിൽടോപ്പിൽ മാത്രമാണ് മകരവിളക്ക് ദർശനത്തിന് സൗകര്യമുള്ളത്. മുൻകാലങ്ങളിലെ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ഇവിടെ കനത്ത സുരക്ഷാ നിരീക്ഷണമുണ്ടാകും.
ശബരിമലയ്ക്ക് പുറത്തുള്ള ദർശന കേന്ദ്രങ്ങൾ
സന്നിധാനത്തിന് പുറമെ പത്തനംതിട്ട ജില്ലയിലെ അട്ടത്തോട്, ആങ്ങമൂഴി പഞ്ഞിപ്പാറ, ഇലവുങ്കൽ, നെല്ലിമല എന്നിവിടങ്ങളിലും ഇടുക്കി ജില്ലയിലെ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലും മകരവിളക്ക് ദർശനത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും മെഡിക്കൽ സംഘത്തിന്റെയും പോലീസിന്റെയും സേവനം ലഭ്യമായിരിക്കും.