തിരുവനന്തപുരം : ശബരിമല സ്വര്‍ണപ്പാളി തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ മേല്‍നോട്ടത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല എംഎൽഎ. ദേവസ്വം വിജിലൻസ് അന്വേഷിക്കുന്നത് കള്ളനെ തന്നെ അന്വേഷണം ഏൽപിക്കുന്ന പോലെയാണ്. ശബരിമല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗൂഢസംഘത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും പുറത്തു കൊണ്ടു വരണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
വിഷയത്തില്‍ മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും മൗനം ആശങ്കാജനകമാണ്.സ്വർണപ്പാളി വിഷയത്തിൽ ദേവസ്വം മാനുവലിന്റെ നഗ്നമായ ലംഘനമാണ് ശബരിമലയിൽ നടന്നത്. ദേവസ്വം വക സ്വർണ്ണാഭരണങ്ങളോ വിലപിടിപ്പുള്ള വസ്തുക്കളോ ശബരിമലയിൽ നിന്ന് കൊണ്ടുപോകാൻ പാടില്ല എന്ന് ദേവസ്വം മാനുവലിൽ വ്യക്തമായി പറയുന്നുണ്ട് . അറ്റകുറ്റപ്പണികള്‍ നടത്തണമെങ്കില്‍ അവിടെവെച്ച് തന്നെ ആകണം. അതിന് തന്ത്രിയുടെ അനുവാദം വേണം.
ദേവസ്വം കമ്മീഷണര്‍ ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിന്റെ അനുവാദം വാങ്ങണം. എന്നാല്‍ ഇതൊന്നും സംഭവിച്ചില്ല. അപ്പോൾ ആരുടെ നിർദേശപ്രകാരമാണ് 42 കിലോ വരുന്ന സ്വർണപ്പാളി ചെന്നൈയിൽ അറ്റകുറ്റപ്പണികൾക്ക് കൊടുത്തുവിട്ടത്. തിരിച്ചു കിട്ടിയത് 38 കിലോ മാത്രം. തിരുവാഭരണത്തിന് കമ്മിഷണറുണ്ട്. ആരുടെ നിർദേശപ്രകാരമാണ് കൊടുത്തുവിട്ടത് എന്ന് കമ്മിഷണർ പറയണം. സർക്കാരിന് ഈ വിഷയത്തിൽ സംഭവിച്ചിരിക്കുന്നത് ഗുരുതരവീഴ്ചയാണ്.
ഇന്ന് ഇന്ത്യയില്‍ ഒട്ടാകെ അയ്യപ്പ ഭക്തരായവരെ കബളിപ്പിക്കാന്‍ ഒരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നു എന്നാണ് മനസിലാകുന്നത്. സമഗ്രാന്വേഷണം വേണം. ഹൈക്കോടതി ബെഞ്ച് ഇതിന് മേല്‍നോട്ടം വഹിക്കണം. ഭക്തജനങ്ങളെ കബളിപ്പിക്കല്‍ അംഗീകരിക്കാന്‍ സാധ്യമല്ല. ഇതിനെതിരായ ശക്തമായ മുന്നേറ്റം ഭക്തജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു.