കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ള രാജ്യാന്തര വിഗ്രഹക്കടത്തിന്റെ ഭാഗമെന്ന സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. വിഗ്രഹങ്ങളുടെ പകർപ്പ് സൃഷ്ടിച്ച് രാജ്യാന്തര മാർക്കറ്റിലെത്തിക്കാൻ ശ്രമിച്ചു.സ്ട്രോംഗ് റൂമിലുള്ളത് യഥാർത്ഥ വാതിൽപ്പാളി തന്നെയാണോയെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
കുപ്രസിദ്ധനായ രാജ്യാന്തര കള്ളക്കടത്തുകാരൻ സുഭാഷ് കപൂറിന്റെ പദ്ധതികളുമായി സാമ്യമുണ്ടെന്നാണ് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. 1999-ൽ വിജയ് മല്യ നൽകിയ വാതിൽപ്പാളി ശബരിമലയിൽ നിന്ന് കടത്തിയോ എന്നതിലും ഹൈക്കോടതിക്ക് സംശയമുണ്ട്.വിജയ് മല്യ നൽകിയത് രണ്ടര കിലോ സ്വർണ്ണം പൊതിഞ്ഞ വാതിൽപ്പാളിയാണ്. അഷ്ടാഭിഷേകം നടക്കുന്നിടത്ത് നിന്നാണ് ഇപ്പോൾ സ്ട്രോംഗ് റൂമിലുള്ള വാതിൽപ്പാളി കണ്ടെടുത്തത്. ഇത് യഥാർത്ഥ സ്വര്‍ണപ്പാളി തന്നെയാണോയെന്ന് പരിശോധിക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നു.
ഉണ്ണികൃഷ്ണൻ പോറ്റി സ്വര്‍ണം പൂശി നൽകിയത് 34 ഗ്രാം മാത്രമുള്ള വാതിൽപ്പാളിയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഉണ്ണിക്കൃഷ്ണൻ പോറ്റിയ്ക്ക് സ്വർണ്ണം പൂശാൻ നൽകാത്ത പാളികളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.15 ന് മുൻപ് ശാസ്ത്രീയ പരിശോധനകൾ പൂർത്തീകരിക്കാനാണ് നിർദേശം.യഥാർത്ഥ വാതിൽപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയോയെന്നും 2019-ൽ സ്ഥാപിച്ചത് 1999-ൽ നൽകിയ യഥാർത്ഥ വാതിൽപ്പാളികൾ തന്നെയാണോയെന്നുമാണ് ദേവസ്വം ബെഞ്ചിന്റെ സംശയം.