കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഏറെ നിർണ്ണായകമായ വി.എസ്.എസ്.സി (VSSC) ശാസ്ത്രീയ പരിശോധനാ ഫലം ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) ലഭിക്കും. ഇന്നലെ കൊല്ലം വിജിലൻസ് കോടതിയിൽ സീൽ ചെയ്ത കവറിൽ സമർപ്പിച്ച റിപ്പോർട്ടാണ് ഇന്ന് കോടതി അന്വേഷണ സംഘത്തിന് കൈമാറുന്നത്.
സ്വർണ്ണക്കൊള്ള നടന്നോ എന്ന കാര്യത്തിൽ അന്തിമ വ്യക്തത വരുത്തുന്നതാണ് ഈ റിപ്പോർട്ട്. ശ്രീകോവിലിലെ സ്വർണ്ണപ്പാളികൾ മാറ്റിയിട്ടുണ്ടോ? നിലവിൽ ശബരിമലയിലുള്ളത് പഴയ പാളികളാണോ അതോ പുതിയതാണോ? പാളികളിൽ അടങ്ങിയിരിക്കുന്ന സ്വർണ്ണത്തിന്റെ കൃത്യമായ അളവ് എത്രയാണ്? തുടങ്ങിയ കാര്യങ്ങളാണ് ശാസ്ത്രീയ പരിശോധനയിലൂടെ വ്യക്തമാകുക:
ഈ മാസം 19-ന് ഹൈക്കോടതിയിൽ സമർപ്പിക്കുന്ന അന്വേഷണ പുരോഗതി റിപ്പോർട്ടിൽ വി.എസ്.എസ്.സിയുടെ ഈ കണ്ടെത്തലുകൾ കൂടി ഉൾപ്പെടുത്തും. ഇത് കേസിന്റെ ഭാവി നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
കേസിൽ പ്രതിയായി നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ റിമാൻഡിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസിനെ ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ശങ്കരദാസിന്റെ ആരോഗ്യനില പരിഗണിച്ച് മെഡിക്കൽ കോളേജിലേക്ക് മാറ്റാമെന്ന് ജയിൽ ഡോക്ടർ റിപ്പോർട്ട് നൽകിയതിനെത്തുടർന്നാണ് ഈ നടപടി.