

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം (Sabarimala Gold Theft). സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന പഴയ വാതിലുകളിലും പ്രഭാമണ്ഡലത്തിലും ശാസ്ത്രീയ പരിശോധന നടത്താൻ ഹൈക്കോടതിയുടെ പ്രത്യേക അനുമതി ലഭിച്ചു. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഒരു ഡിവൈഎസ്പിയെയും സിഐയെയും കൂടി ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കാനും കോടതി ഉത്തരവിട്ടു. വിഎസ്എസ്സി (VSSC) സമർപ്പിച്ച നിർണ്ണായകമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഈ ഇടക്കാല ഉത്തരവ്.
ശ്രീകോവിലിലെ പഴയ വാതിലുകളിൽ സ്വർണ്ണം പൊതിഞ്ഞതിൽ വലിയ ക്രമക്കേട് നടന്നതായാണ് ശാസ്ത്രീയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 1998-ൽ സ്വർണ്ണം പൊതിഞ്ഞ വാതിലുകൾ 2019-ൽ ഇളക്കിമാറ്റിയപ്പോൾ വലിയ അളവിൽ സ്വർണ്ണം നഷ്ടപ്പെട്ടതായി വിഎസ്എസ്സി റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. കെമിക്കൽ പരിശോധനയിൽ രണ്ട് പാളികളിലെ സ്വർണ്ണത്തിന്റെ അളവിലും ഗുണമേന്മയിലും വലിയ വ്യത്യാസം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ക്രമക്കേട് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതായാണ് കോടതി നിരീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിഎസ്എസ്സിയിലെ ശാസ്ത്രജ്ഞരുടെ മൊഴി വിശദമായി രേഖപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.
അതേസമയം, പഴയ കൊടിമരത്തിലെ വാചിവാഹനം തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ വിവരം അന്വേഷണ സംഘം കോടതിയെ അറിയിച്ചു. 10.68 കിലോഗ്രാം തൂക്കം വരുന്ന ഈ വാചിവാഹനം പഞ്ചലോഹത്തിൽ നിർമ്മിച്ച് സ്വർണ്ണം പൊതിഞ്ഞതാണെന്ന് വ്യക്തമായിട്ടുണ്ട്. കൊടിമരം മാറ്റിയ സമയത്ത് ദേവസ്വം പ്രസിഡന്റും അംഗങ്ങളും ചേർന്ന് ഇത് തന്ത്രിക്ക് കൈമാറുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. നിലവിൽ 16 പ്രതികളുള്ള ഈ കേസിൽ 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് പേരുടെ കൂടി പങ്കാളിത്തത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും എസ്‌ഐടി അറിയിച്ചു
The Kerala High Court has authorized the Special Investigation Team (SIT) to conduct scientific tests on the old gold-plated doors and idols of the Sabarimala temple currently stored in the strongroom. The SIT has been expanded with two more officers to expedite the probe following a VSSC report that scientifically confirmed massive irregularities and gold theft. Additionally, investigators recovered a 10.68 kg gold-plated 'Vachivahanam' from the head priest's residence, which has been submitted to the court as evidence.