തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്തതിൽ ആരോപണവുമായി അഭിഭാഷകൻ രംഗത്ത്. നടപടിക്രമങ്ങള്‍ പാലിക്കാതെ നിയമവിരുദ്ധമായിട്ടാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി കസ്റ്റഡിയിലെടുത്തതെന്ന് പോറ്റിയുടെ അഭിഭാഷകൻ അഡ്വ. ശാസ്തമംഗലം അജിത്ത് പറഞ്ഞു.
നോട്ടീസ് പോലും നൽകാതെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഉണ്ണികൃഷ്ണൻ പോറ്റി എവിടെ എന്ന് അറിയില്ല. ബന്ധുക്കളെ പോലും അറിയിക്കാതെയാണ് കസ്റ്റഡിയിൽ എടുത്തതെന്ന് അഭിഭാഷകൻ ആരോപിച്ചു.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സന്നിധാനത്ത് എസ്ഐടി പരിശോധന നടത്തുന്നു. എസ് പി ശശിധരന്റെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് ഓഫീസിലെ ഫയൽ പരിശോധന.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരു യാത്ര ദുരൂഹമെന്നും എസ്ഐടി വിലയിരുത്തുന്നു. പോറ്റിയുടെ മുൻ മൊഴികളിലും വൈരുധ്യമുണ്ട്. അതേസമയം, പ്രതികൾക്കെതിരെ ആറ് വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആറിൽ കേസെടുത്തിരിക്കുന്നത്