തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശിൽപ്പപാളിയിൽനിന്ന് സ്വർണം കവർന്ന കേസിൽ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ശ്രീറാംപുരയിലുള്ള വീട്ടിൽ എസ്.ഐ.ടി. (പ്രത്യേക അന്വേഷണ സംഘം) പരിശോധന ആരംഭിച്ചു. സ്വർണ്ണം ഇയാൾ കർണാടകയിലെ ബെല്ലാരിയിലുള്ള ഒരു സ്വർണ്ണ വ്യാപാരിക്ക് വിറ്റതായി ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
അതിനിടെ, ബെല്ലാരിയിൽ നടത്തിയ അന്വേഷണത്തിൽ 476 ഗ്രാം സ്വർണ്ണം കണ്ടെടുത്തു. ഈ സ്വർണ്ണം റാന്നി കോടതിയിൽ ഹാജരാക്കും.
സ്വർണ്ണം വ്യാപാരിക്ക് വിറ്റെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി അന്വേഷകസംഘം ബെംഗളൂരുവിലെത്തി തെളിവെടുപ്പ് നടത്തിയത്. ഇയാളെ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചും തെളിവെടുക്കും. ശിൽപ്പപാളിയിൽ നിന്ന് 476 ഗ്രാം സ്വർണ്ണം കവർന്നെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തിയത്.
അതേസമയം , കേസിൽ കൂടുതൽ ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. നിലവിൽ പ്രതിപ്പട്ടികയിലുള്ള ഉണ്ണിക്കൃഷ്ണൻ പോറ്റിയും മുരാരി ബാബുവുമാണ് അറസ്റ്റിലായിട്ടുള്ളത്. ശിൽപ്പപാളിയിലെ സ്വർണ്ണ മോഷണക്കേസിൽ രണ്ടാം പ്രതിയും കട്ടിളപ്പടിയിലെ സ്വർണ്ണം കവർന്ന കേസിൽ ആറാം പ്രതിയുമാണ് മുരാരി ബാബു. തട്ടിപ്പിനായി മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി മുരാരി ബാബു ഗൂഢാലോചന നടത്തിയതായി അന്വേഷക സംഘം കണ്ടെത്തിയിട്ടുണ്ട്. പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവരെ ചോദ്യം ചെയ്യുന്നതോടെ ഗൂഢാലോചനയിൽ ആരൊക്കെ ഉൾപ്പെട്ടു എന്ന വിവരം ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.