പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു റിമാൻഡിൽ. ഗുരുതര കണ്ടെത്തലുകളാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്.
രേഖകളിൽ സ്വർണം പൊതിഞ്ഞ പാളികൾ എന്നത് ഒഴിവാക്കി പകരം ചെമ്പ് പാളികൾ എന്നെഴുതി നവീകരണത്തിന് എൻ വാസു ശിപാർശ നൽകി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാനായി ഇടപെടൽ നടത്തി. ഇതര പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തി ബോർഡിന് നഷ്ടവും പ്രതികൾക്ക് ഇതുവഴി അന്യായ ലാഭവും ഉണ്ടായിയെന്ന് റിമാന്റ് റിപ്പോർട്ട് പറയുന്നു.എൻ വാസുവിനെതിരെ ഗൂഡാലോചന, വ്യാജ രേഖ ചമക്കൽ, സ്വർണ്ണ കവർച്ച തുടങ്ങിയ ആരോപണങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ എൻ വാസു ഗൂഢാലോചന തെളിഞ്ഞിട്ടുണ്ടെന്ന് എസ് ഐ ടി കോടതിയിൽ വ്യക്തമാക്കി.
കട്ടിളപ്പാളിയിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട കേസിലാണ് മൂന്നാം പ്രതിയായ എൻ. വാസുവിനെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കോടതിയാണ് എൻ. വാസുവിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും. ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലാകുന്ന ആദ്യ ഉന്നതനാണ് എൻ. വാസു.