തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്. കേസിൽ ആരോപണ വിധേയനായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി തന്നെ ബന്ധിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും, എന്നാൽ താനുമായി അയാൾക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേവസ്വം ബോർഡ് യോഗത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ബോർഡിനെ കുടുക്കാൻ ഉണ്ണിക്കൃഷ്ണൻ പോറ്റി ശ്രമിച്ചു'
ദേവസ്വം ബോർഡിനെ കുടുക്കാനാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ശ്രമിച്ചതെന്ന് പി.എസ്. പ്രശാന്ത് ആരോപിച്ചു. സ്പെഷ്യൽ കമ്മീഷണറെ അറിയിക്കാതെ സ്വർണ്ണപ്പാളികൾ കൊണ്ടുപോയതിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്. എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെങ്കിലും സ്പെഷ്യൽ കമ്മീഷണറെ അറിയിക്കാതിരുന്നത് വീഴ്ചയായി തന്നെയാണ് കാണുന്നത്.
അന്വേഷണത്തിൽ വിശ്വാസം
എസ്.ഐ.ടി. (പ്രത്യേക അന്വേഷണ സംഘം) അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. കേസ് കോടതിയുടെ നിരീക്ഷണത്തിലായതുകൊണ്ട് സത്യം കൃത്യമായി കണ്ടെത്തുമെന്ന് ഉറപ്പുണ്ട്. ഉന്നതർ പങ്കാളികളായിട്ടുണ്ടെങ്കിൽ അന്വേഷണ സംഘം കണ്ടെത്തും. യഥാർഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും പ്രശാന്ത് പറഞ്ഞു.
വ്യക്തിപരമായ വിശദീകരണം
"എന്നെകൂടി എങ്ങനെ കണക്റ്റ് ചെയ്യാം എന്ന് മാധ്യമങ്ങൾ ചിന്തിക്കുകയാണ്. നിങ്ങൾ ഇനി കൊന്നുകളഞ്ഞാലും ഉണ്ണികൃഷ്ണൻ പോറ്റിയുമായി എന്നെ കണക്റ്റ് ചെയ്യാനുള്ളതൊന്നും കിട്ടില്ല. അങ്ങനെ ഒരു ബന്ധം ഞാനും അയാളും തമ്മിൽ ഇല്ല," അദ്ദേഹം ഊന്നിപ്പറഞ്ഞു. കൂടാതെ, കുറ്റവാളികളാണെന്ന് കണ്ടെത്തിയാൽ വിരമിച്ചവരുടെ ആസ്തി ഉൾപ്പെടെ കണ്ടെത്താൻ കഴിയുമോയെന്ന് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.