ആലപ്പുഴ : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നത് അസത്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അയ്യപ്പന്റെ ഒരു തരി സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ തിരികെ പിടിക്കും. എസ്ഐടി അന്വേഷിക്കട്ടെ. ആരാണ് ഉത്തരവാദി എന്ന് കണ്ടുപിടിക്കുകയും അവർക്ക് തക്കതായ ശിക്ഷ നൽകുകയും വേണമെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞു.
സ്വർണക്കൊള്ളയിൽ പാർട്ടിക്ക് അപകടം പറ്റുമെന്നാണ് മാധ്യമങ്ങളുടെ വിചാരം. എല്ലാവരും രാവിലെ മുതൽ ഈ വർത്ത മാത്രമാണ് നൽകുന്നത്. ഒരാളെയും സംരക്ഷിക്കാൻ എൽഡിഎഫില്ല. പാർട്ടി ചുമതലകളിൽ ഉള്ളവർ സ്വർണക്കൊള്ളയിൽ ഉൾപ്പെട്ടാൽ മടികൂടാതെ നടപടിയെടുക്കും.രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന പോലെ ഞങ്ങൾ ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പദ്മകുമാറിന്റെ അറസ്റ്റിൽ സിപിഐഎമ്മിന് അങ്കലാപ്പില്ല. ഉത്തരവാദി ആരായാലും ശിക്ഷിക്കപ്പെടണം എന്നാണ് ആവർത്തിക്കുന്നത്. പാർട്ടി ചുമതലകളിൽ ഉള്ളവർ സ്വർണക്കൊള്ളയിൽ ഉൾപ്പെട്ടാൽ മടികൂടാതെ നടപടിയെടുക്കും. ബിജെപി- ആർഎസ്എസ് വർഗീയ ധ്രുവീകരണം ലക്ഷ്യമിടുകയാണ്. രാമക്ഷേത്ര ഉദ്ഘാടനത്തിൽ പ്രധാനമന്ത്രി പങ്കെടുത്തത് വർഗീയ അജണ്ടയാണ്. സനാതന ധർമത്തിന്റെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
ഗാന്ധി ആത്മഹത്യ ചെയ്തു എന്നാണ് ഗുജറാത്തിൽ കുട്ടികളെ പഠിപ്പിക്കുന്നത്. ഗാന്ധിയെ കൊന്നത് ഹിന്ദു വർഗീയ വാദികളാണ്. അതിന് ഉപയോഗിച്ച ഒരു ഉപകരണം മാത്രമാണ് ഗോഡ്സേ. ഈ ചരിത്രത്തെ മറക്കാനാണ് ആർഎസ്എസിന്റെ ശ്രമമെന്നും ഇതുവഴി രാജ്യത്തെ പിന്നോട്ടടിക്കുകയാണ്. ഇസ്ലാമിക രാഷ്ട്രത്തിനായി ജമാ അത്ത ഇസ്ലാമി കേരളത്തിലും പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ 111 ഇടങ്ങളിൽ ജമാ അത്ത ഇസ്ലാമി മത്സരിക്കുന്നു. വിഡി സതീശൻ അടക്കം പൂർണ പിന്തുണ നൽകുന്നു. ന്യൂനപക്ഷ വർഗീയത വളർത്തുന്നത് യുഡിഎഫാണെന്ന് എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.