തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) സമർപ്പിച്ച അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. കള്ളപ്പണ ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനായി എഫ്.ഐ.ആർ, റിമാൻഡ് റിപ്പോർട്ട് തുടങ്ങിയ രേഖകൾ ലഭ്യമാക്കണമെന്നാണ് ഇഡിയുടെ ആവശ്യം.( Sabarimala gold theft case, Vigilance court to pronounce verdict on ED's plea today)
രേഖകൾ കൈമാറുന്നതിനെ പ്രത്യേക അന്വേഷണ സംഘം (SIT) ശക്തമായി എതിർക്കുന്നുണ്ട്. കേസിൽ കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിൽ എതിർപ്പില്ലെങ്കിലും, ഇഡി സമാന്തര അന്വേഷണം നടത്തുന്നത് നിലവിലെ അന്വേഷണത്തെ ബാധിക്കും എന്നാണ് ഇവർ പറയുന്നത്. നിർണ്ണായക രേഖകൾ കൈമാറുന്നത് കൂടുതൽ പ്രതികളിലേക്ക് എത്തുന്നതിനുള്ള നീക്കങ്ങൾക്ക് തിരിച്ചടിയാകുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
എന്നാൽ, രേഖകൾ നൽകുന്നത് എങ്ങനെയാണ് സംസ്ഥാന ഏജൻസിയുടെ അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതെന്ന് ഇഡി കോടതിയിൽ ചോദിച്ചു. ഹൈക്കോടതിയുടെ അനുമതിയോടെയാണ് തങ്ങൾ രേഖകൾ ആവശ്യപ്പെടുന്നതെന്നും ഇഡി വ്യക്തമാക്കി.
സ്വർണ്ണക്കവർച്ചാ കേസിൽ അറസ്റ്റിലായ പ്രമുഖരുടെ ജാമ്യാപേക്ഷകളിലും ഹൈക്കോടതി ഇന്ന് വിധി പറയും. എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. ശ്രീകോവിൽ കട്ടിളപ്പാളിയിൽ പതിപ്പിച്ചിരുന്ന സ്വർണ്ണപ്പാളികൾ ചെമ്പ് പാളികളാണെന്ന് തെറ്റായി രേഖപ്പെടുത്തി അവ ഇളക്കിമാറ്റാൻ ശുപാർശ നൽകി എന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള കുറ്റം.
മുരാരി ബാബു ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണപ്പാളികൾ മാറ്റിയ കേസിൽ രണ്ടാം പ്രതിയും, കട്ടിളപ്പാളി കേസിൽ ആറാം പ്രതിയുമാണ്. സ്വർണ്ണത്തിന് പകരം ചെമ്പ് എന്ന് രേഖപ്പെടുത്തി കവർച്ചയ്ക്ക് കളമൊരുക്കിയെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം. വിജിലൻസ് കോടതിയുടെയും ഹൈക്കോടതിയുടെയും ഇന്നത്തെ വിധികൾ കേസിന്റെ ഭാവി അന്വേഷണത്തിൽ നിർണ്ണായകമാകും.