കൊല്ലം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. പത്മകുമാർ നിലവിൽ ദ്വാരപാലക ശിൽപ കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ തുടരുന്ന സാഹചര്യത്തിൽ, കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിച്ചാലും അദ്ദേഹത്തിന് തൽക്കാലം ജയിൽ മോചിതനാകാൻ കഴിയില്ല.(Sabarimala gold theft case, Verdict today on A Padmakumar's bail plea)
കട്ടിളപ്പാളി കൈമാറ്റം സംബന്ധിച്ച വിഷയത്തിൽ ദേവസ്വം ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് പത്മകുമാറിന്റെ ജാമ്യഹർജിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. കൈമാറ്റം സംബന്ധിച്ച മിനുട്സിൽ 'ചെമ്പ്' എന്ന് രേഖപ്പെടുത്തിയത് ബോർഡ് അംഗങ്ങൾ എല്ലാവരുടെയും അറിവോടെയാണെന്നും അദ്ദേഹം വാദിക്കുന്നു. മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കി ചിത്രീകരിക്കുന്നതിലുള്ള ശക്തമായ എതിർപ്പാണ് ഈ ജാമ്യഹർജിയിലൂടെ പത്മകുമാർ കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്.
നേരത്തെ, കട്ടിളപ്പാളി കേസിലെ ജാമ്യ നീക്കങ്ങൾക്കിടെ, രണ്ടാമത് രജിസ്റ്റർ ചെയ്ത ദ്വാരപാലക ശിൽപ കേസിലും പത്മകുമാറിനെ കേസ് അന്വേഷിക്കുന്ന സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഈ കേസുകളിലെ കോടതിയുടെ ഇന്നത്തെ നിലപാട് ഏറെ നിർണ്ണായകമാകും.