പത്തനംതിട്ട : കേരളത്തെ നടുക്കിയ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കോടതി പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്. ഇയാളെ പത്തനംതിട്ട റാന്നി കോടതിയിൽ ഹാജരാക്കിയിരുന്നു. (Sabarimala gold theft case)
ഈ അവസരത്തിലാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. ഇതിനിടയിൽ പോറ്റിക്ക് അഭിഭാഷകനോട് സംസാരിക്കാനായി 10 മിനിറ്റ് സമയം അനുവദിച്ചു. ഇത് കേസിലെ ആദ്യത്തെ അറസ്റ്റാണ്.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഏറെ നിർണ്ണായകമാണ്. ഇയാൾ ബെംഗളൂരുവിലെ ശ്രീരാംപുര ക്ഷേത്രത്തിൽ ജോലി ചെയ്ത പരിചയവുമായാണ് 2007ൽ ശബരിമലയിൽ എത്തുന്നത്. കീഴ്ശാന്തിയുടെ സഹായിയായി തുടങ്ങിയ ഇയാൾ പിന്നീട് ദേവസ്വം ബോർഡ് അംഗങ്ങളുടെയും മന്ത്രിയുടെയും ഏറ്റവുമടുത്തയാളായി മാറി.
കിളിമാനൂർ പുളിമാത്താണ് ഇയാളുടെ സ്വദേശം. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടു കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ശബരിമലയിലെ ശ്രീകോവിലിന്റെ കട്ടിളപ്പളിയുടെയും, ദ്വാരപാലക ശില്പങ്ങളിലെയും സ്വർണ്ണക്കൊള്ളയിലാണ്. പ്രത്യേക സംഘം തിരുവനന്തപുരത്ത് ഓഫീസിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത് പുലർച്ചെ 2.30നാണ്.
പിന്നാലെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. 10 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. ഇയാൾ രണ്ടു കേസുകളിലെയും ഒന്നാം പ്രതിയാണ്. പുലർച്ചെ 3.40 ഓടെ ഇയാളെ ആശുപത്രിയിൽ എത്തിച്ചു. ഇയാൾ തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ മൊഴി നൽകി. വൻ ഗൂഢാലോചന നടന്നതായാണ് വിവരം. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കൽപേഷിനെ കൊണ്ടുവന്നതെന്നും ഉണ്ണിക്കൃഷ്ണൻ പോറ്റി പറഞ്ഞു. ഉണ്ണികൃഷ്‌ണൻ പോറ്റി സ്പോൺസറായി അപേക്ഷ നൽകിയതുമുതൽ ഗൂഢാലോചന തുടങ്ങി. സ്വർണം ചെമ്പായതും ഇതിൻ്റെ ഭാഗമാണ്. തട്ടിയെടുത്ത സ്വർണം പങ്കിട്ടെടുത്തെന്നാണ് സംശയം.