തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി കുടുങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടു കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ശബരിമലയിലെ ശ്രീകോവിലിന്റെ കട്ടിളപ്പളിയുടെയും, ദ്വാരപാലക ശില്പങ്ങളിലെയും സ്വർണ്ണക്കൊള്ളയിലാണ്. (Sabarimala gold theft case)
പ്രത്യേക സംഘം തിരുവനന്തപുരത്ത് ഓഫീസിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത് പുലർച്ചെ 2.30നാണ്. പിന്നാലെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. 10 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. ഇയാൾ രണ്ടു കേസുകളിലെയും ഒന്നാം പ്രതിയാണ്. എസ് പി ശശിധരന്റെ നേതൃത്വത്തിൽ ആണ് ചോദ്യം ചെയ്യൽ നടന്നത്. പുലർച്ചെ 3.40 ഓടെ ഇയാളെ ആശുപത്രിയിൽ എത്തിച്ചു. 7 മണിയോടെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോകും. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ഉണ്ണികൃഷ്ണന്‍ പോറ്റിയെ റാന്നി കോടതിയിൽ ഹാജരാക്കും.
ഇയാൾ തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ മൊഴി നൽകി. വൻ ഗൂഢാലോചന നടന്നതായാണ് വിവരം. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കൽപേഷിനെ കൊണ്ടുവന്നതെന്നും ഉണ്ണിക്കൃഷ്ണൻ പോറ്റി പറഞ്ഞു. ഉണ്ണികൃഷ്‌ണൻ പോറ്റി സ്പോൺസറായി അപേക്ഷ നൽകിയതുമുതൽ ഗൂഢാലോചന തുടങ്ങി. സ്വർണം ചെമ്പായതും ഇതിൻ്റെ ഭാഗമാണ്. തട്ടിയെടുത്ത സ്വർണം പങ്കിട്ടെടുത്തെന്നാണ് സംശയം. ഇയാളെ ഇന്ന് തന്നെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും.