തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണായക വിവരവുമായി പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി. തട്ടിയെടുത്ത സ്വർണ്ണം മറിച്ചു വിറ്റെന്ന് ഇയാൾ സമ്മതിച്ചു. സ്പോൺസർമാരിൽ നിന്നും ലഭിച്ച സ്വർണ്ണവും പണമാക്കി. ഭൂമി ഇടപാടുകൾക്കായി പണം ഉപയോഗിച്ചുവെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. (Sabarimala gold theft case)
ഇക്കാര്യം സമ്മതിച്ചത് ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിൽ ആണ്. ഇയാൾ രേഖകൾ നശിപ്പിച്ചു എന്ന സംശയത്തിന് പിന്നാലെയാണ് വീട്ടിൽ പരിശോധന നടത്തിയത്. അതേസമയം, പോറ്റി അനുമതി ഇല്ലാതെയാണ് ദ്വാരപാലക പീഠത്തിന്റെ അളവെടുത്തതെന്ന് വിവരം. പോറ്റിക്ക് രേഖാമൂലം ദേവസ്വം ബോർഡ് അനുമതി നൽകിയിരുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
2020ൽ ഇയാൾ ജീവനക്കാരെയും കൂട്ടി പീഠത്തിന്റെ അളവെടുത്തു. ചേരാതെ വന്ന പീഠമാണ് ബന്ധു വീട്ടിൽ നിന്നും കണ്ടെത്തിയത്. ശബരിമല ശ്രീകോവിലിന്റെ പുതിയ വാതിൽ ബെംഗളൂരുവിൽ ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ പ്രദർശനത്തിന് വച്ചിരുന്നു.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണായക രേഖകളും സ്വർണ്ണവും പണവും പിടിച്ചെടുത്തു. ഇയാൾക്ക് വട്ടിപ്പലിശ ഇടപാടും ഉണ്ടെന്ന് കണ്ടെത്തി. എസ് ഐ ടിക്ക് നിർണായക തെളിവുകളും ലഭിച്ചു. നിരവധി പേരുടെ ഭൂമി ഇയാൾ സ്വന്തം പേരിലാക്കിയെന്ന് കണ്ടെത്തി. എട്ടു മണിക്കൂർ നീണ്ട പരിശോധനയാണ് നടത്തിയത്.
ഇതിൽ നിർണായക രേഖകളുള്ള ഹാർഡ് ഡിസ്കും കണ്ടെത്തിയിട്ടുണ്ട്. 2020നു ശേഷമാണ് ഇയാൾ വട്ടിപ്പലിശയ്ക്ക് പണം നൽകിത്തുടങ്ങിയത് എന്നാണ് കണ്ടെത്തൽ. മുരാരി ബാബുവിനെ ഉടൻ കസ്റ്റഡിയിൽ എടുക്കും.