തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പരിശോധന. പോറ്റിയുടെ കാരേറ്റിലെ കുടുംബ വീട്ടിലാണ് പരിശോധന. അന്വേഷണ സംഘത്തെ കുഴക്കുന്ന നീക്കങ്ങളാണ് ഇയാളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. (Sabarimala gold theft case)
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ ഗൂഢാലോചന നടന്നത് ബെംഗളുരുവിൽ ആണെന്ന് ഇയാൾ മൊഴി നൽകി. ആദ്യം വിജിലൻസിന് മൊഴി നൽകിയത് ബെംഗളൂരുവിൽ നിന്ന് കിട്ടിയ നിർദ്ദേശം പ്രകാരമാണ് എന്നും ഇയാൾ കൂട്ടിച്ചേർത്തു. ഇതിന് പിന്നിൽ വലിയ ആളുകൾ ഉണ്ടെന്നാണ് ഇയാൾ പറഞ്ഞത്.
ആ അഞ്ചംഗ സംഘത്തെ കണ്ടെത്താനാണ് പ്രത്യേക സംഘം ശ്രമിക്കുന്നത്. തനിക്ക് വലിയ നേട്ടം ഉണ്ടായിട്ടില്ല എന്നും, മറ്റുള്ളവരാണ് ലാഭം ഉണ്ടാക്കിയതെന്നും പറഞ്ഞ ഉണ്ണിക്കൃഷ്ണൻ പോറ്റി, വിജിലൻസ് അന്വേഷണം തുടങ്ങിയപ്പോൾ തന്നെ ബംഗളൂരുവിലേക്ക് വിളിപ്പിച്ച് ചില നിർദ്ദേശങ്ങൾ നൽകിയെന്നും വ്യക്തമാക്കി.
ഇയാളെ റാന്നി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ വിട്ടിരുന്നു. രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തും. എസ് ഐ ടി ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരൻ എന്ന് വിശേഷിപ്പിച്ച മുരാരി ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കൽപ്പേഷിനെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നു.
ശ്രീകോവിലിന്‍റെ കട്ടിള പാളികളിലെ സ്വർണം കൊള്ള ചെയ്ത കേസിലും വൈകാതെ അറസ്റ്റ് ഉണ്ടാകും. കഴിഞ്ഞ ദിവസം കോടതിയിൽ നിന്ന് ഇറക്കി കൊണ്ട് വരുന്ന അവസരത്തിൽ തന്നെ കുടുക്കിയത് ആണെന്നും, അവർ നിയമത്തിന് മുന്നിൽ വരുമെന്നും ഉണ്ണിക്കൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.