കൊല്ലം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രഖ്യാപിക്കും. അതേസമയം, കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയും ജാമ്യം തേടി കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചു. പോറ്റിയുടെ ജാമ്യഹർജി ഈ മാസം 18-നാണ് പരിഗണിക്കുക.(Sabarimala gold theft case, Unnikrishnan Potty seeks bail)
നിലവിൽ റിമാൻഡിൽ കഴിയുന്ന പത്മകുമാർ ജാമ്യം തേടിയുള്ള ഹർജിയിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കട്ടിളപ്പാളികൾ കൈമാറിയ വിഷയത്തിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ട് എന്നാണ് പറയുന്നത്. മിനുട്‌സിൽ 'ചെമ്പ്' എന്ന് എഴുതിയതും എല്ലാവരുടെയും അറിവോടെയാണ്.
മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം ഈ കേസിൽ കുറ്റക്കാരനാക്കുന്നതിലെ ശക്തമായ എതിർപ്പും പത്മകുമാർ ഹർജിയിലൂടെ കോടതിയെ അറിയിച്ചിട്ടുണ്ട്. തനിക്ക് പ്രായമായതിനാൽ പ്രത്യേക പരിഗണന നൽകണമെന്നും ഹർജിയിലുണ്ട്. പത്മകുമാറിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ഈ കേസിൽ നേരത്തെ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ച മുരാരി ബാബു, കെ.എസ്. ബൈജു, എൻ. വാസു എന്നിവർക്ക് കോടതി ജാമ്യം നൽകിയിരുന്നില്ല.
ജാമ്യ നീക്കങ്ങൾക്കിടെ, രണ്ടാമത് പ്രതിചേർത്ത ദ്വാരപാലക ശിൽപ കേസിലും പത്മകുമാറിനെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതികളായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ ജീവനക്കാരനും ജാമ്യത്തിനായി കോടതിയെ സമീപിച്ച സാഹചര്യത്തിൽ, കൊല്ലം വിജിലൻസ് കോടതിയുടെ ഇന്നത്തെ വിധി ഏറെ നിർണ്ണായകമാണ്.