പത്തനംതിട്ട: ശബരിമല കട്ടിളപ്പാളി മോഷ്ടിച്ച കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) വിശദമായി ചോദ്യം ചെയ്യുന്നത് തുടരുന്നു. കട്ടിളപ്പാളിയിലെ സ്വർണ്ണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളാണ് എസ്.ഐ.ടി. പോറ്റിയിൽ നിന്ന് തേടുന്നത്. ഈ മാസം പത്താം തീയതി വരെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.(Sabarimala gold theft case, Unnikrishnan Potty is being questioned )
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ വൈകാതെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്.ഐ.ടി. നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. ഇതിനുമുമ്പ് പരമാവധി വിവരങ്ങൾ ശേഖരിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് അന്വേഷണ സംഘം.
കേസിൽ പ്രതിയായ മുരാരി ബാബു നൽകിയ ജാമ്യാപേക്ഷ ഈ മാസം 6-ന് കോടതി പരിഗണിക്കും. ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ വിവരം കേസിൽ നിർണായകമാണ്.
2024-ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും 'ചെമ്പ്' പരാമർശിച്ചിട്ടുണ്ട് എന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശാനായി നൽകുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ് ഈ പരാമർശമുള്ളത്. പൊതിഞ്ഞ ചെമ്പുപാളികൾ മെയിന്റനൻസിന് നൽകാമെന്നാണ് ഈ ഉത്തരവിലുള്ളത്. ഈ ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നു, ഇത് അന്വേഷണത്തിൽ വഴിത്തിരിവായേക്കാം.