കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കേസിലെ 13-ാം പ്രതിയായ തന്ത്രിയെ വെള്ളിയാഴ്ചയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.(Sabarimala gold theft case, Tantri's bail plea in court today)
തന്ത്രിക്ക് സ്വർണ്ണക്കൊള്ളയിൽ നേരിട്ട് പങ്കുണ്ടെന്നാണ് എസ്ഐടിയുടെ വാദം. ശ്രീകോവിൽ വാതിലിലെയും ദ്വാരപാലക ശില്പങ്ങളിലെയും സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണിക്കായി പുറത്തേക്ക് കൊണ്ടുപോകാൻ തന്ത്രി ആചാരപരമായ അനുമതി നൽകിയത് കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പൊലീസ് കരുതുന്നു.
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും ഇയാളെ ശബരിമലയിലെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയത് തന്ത്രിയാണെന്നും എസ്ഐടി ആരോപിക്കുന്നു. തന്ത്രിക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് എസ്ഐടി കോടതിയെ അറിയിക്കും.
എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കണ്ഠര് രാജീവര് ജാമ്യാപേക്ഷയിൽ വ്യക്തമാക്കി. അന്വേഷണ സംഘം തന്നെ കേസിൽ മനപ്പൂർവ്വം കുടുക്കിയതാണെന്നും അദ്ദേഹം ആരോപിക്കുന്നു.