തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അതേസമയം, കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ചെങ്ങന്നൂരിലെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം നിർണ്ണായക പരിശോധന നടത്തി.(Sabarimala gold theft case, Tantri remains in ICU)
തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന തന്ത്രിക്ക് ശനിയാഴ്ചയാണ് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. കാർഡിയോളജി വിഭാഗം ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് നിലവിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ചെങ്ങന്നൂരിലെ തന്ത്രിയുടെ വസതിയായ താഴ്മൺ മഠത്തിൽ എസ്ഐടി സംഘം എട്ടു മണിക്കൂർ നീണ്ട വിശദമായ പരിശോധനയാണ് നടത്തിയത്. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകൾ, വസ്തു ഇടപാടുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു. തന്ത്രിയുടെ ഭാര്യയുടെയും മകളുടെയും മൊഴി രേഖപ്പെടുത്തി.
വീട്ടിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ അന്വേഷണസംഘത്തോടൊപ്പമുണ്ടായിരുന്ന സ്വർണ്ണപ്പണിക്കാർ പരിശോധിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങളും സംഘം പിടിച്ചെടുത്തു. ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്തിയ കേസിലും തന്ത്രിയെ പ്രതിചേർക്കാൻ എസ്ഐടി നീക്കം തുടങ്ങിയിട്ടുണ്ട്.
സ്വർണ്ണപ്പാളി ചെമ്പാക്കി മാറ്റിയ മഹസ്സറിൽ തന്ത്രി ഒപ്പിട്ടത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് പോലീസ് കരുതുന്നു. അസിസ്റ്റന്റ് കമ്മീഷണർക്ക് തുല്യമായ ഉത്തരവാദിത്തം ക്ഷേത്ര സ്വത്തുക്കൾ സംരക്ഷിക്കുന്നതിൽ തന്ത്രിക്കുമുണ്ടെന്ന് എസ്ഐടി ചൂണ്ടിക്കാട്ടുന്നു. തന്ത്രിക്ക് ലഭിക്കുന്ന 'പടിത്തരം' ഒരു പ്രതിഫലമാണെന്നും അതിനാൽ ക്ഷേത്ര സ്വത്തുക്കൾ നഷ്ടപ്പെട്ടതിൽ അദ്ദേഹത്തിന് നിയമപരമായ ബാധ്യതയുണ്ടെന്നുമാണ് റിമാൻഡ് റിപ്പോർട്ടിലെ പരാമർശം.