ശബരിമല സ്വർണ്ണക്കൊള്ള കേസ് : തന്ത്രി കണ്ഠരര് രാജീവർക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ, അറസ്റ്റിന് പിന്നാലെ തന്ത്രിയുടെ വീട്ടിൽ BJP നേതാക്കൾ; 'തിടുക്കത്തിൽ അറസ്റ്റ് എന്തിനെ'ന്ന് ചോദ്യം | Sabarimala

എസ് ഐ ടി വീട്ടിൽ പരിശോധന നടത്തും
ശബരിമല സ്വർണ്ണക്കൊള്ള കേസ് : തന്ത്രി കണ്ഠരര് രാജീവർക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ, അറസ്റ്റിന് പിന്നാലെ തന്ത്രിയുടെ വീട്ടിൽ BJP നേതാക്കൾ; 'തിടുക്കത്തിൽ അറസ്റ്റ് എന്തിനെ'ന്ന് ചോദ്യം | Sabarimala
Updated on

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരരെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ജയിലിൽ കഴിയുന്നതിനിടെയാണ് അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.(Sabarimala gold theft case, Tantri has been taken to the hospital )

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരരുടെ അറസ്റ്റിനെതിരെ രാഷ്ട്രീയ നീക്കവുമായി ബിജെപി. ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തിലുള്ള സംഘം ചെങ്ങന്നൂരിലെ തന്ത്രിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ, അന്വേഷണത്തിലെ സുതാര്യതയെ ബിജെപി ചോദ്യം ചെയ്തു.

കേസിൽ ഉൾപ്പെട്ടുവെന്ന് സംശയിക്കുന്ന മൂന്ന് മുൻ ദേവസ്വം മന്ത്രിമാർ പുറത്തുനിൽക്കുമ്പോൾ, തന്ത്രിയെ മാത്രം ഇത്ര വേഗത്തിൽ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് സന്ദീപ് വാചസ്പതി ചോദിച്ചു. മന്ത്രിമാരെ കേസിൽ നിന്ന് ഒഴിവാക്കാനുള്ള ഗൂഢാലോചനയാണോ ഇതെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ദേവസ്വം ബോർഡിന്റെ ഭരണപരമായ കാര്യങ്ങളിൽ ഹൈക്കോടതി പ്രതിനിധികൾക്കും മേൽനോട്ട ചുമതലയുള്ളവർക്കും ഉത്തരവാദിത്തമില്ലേ എന്ന് ബിജെപി ചോദിച്ചു. കേസിലെ യഥാർത്ഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്ന നിലപാടിൽ മാറ്റമില്ല. എന്നാൽ, ഭരണകൂടം തങ്ങളെ പ്രതിരോധത്തിലാക്കുന്ന മന്ത്രിമാരെ രക്ഷിക്കാൻ തന്ത്രിയെ മറയാക്കുകയാണോ എന്ന് പരിശോധിക്കണം. തന്ത്രിയുടെ കുടുംബവുമായി നടത്തിയത് ഒരു 'സൗഹൃദ സന്ദർശനം' മാത്രമാണെന്നാണ് ബിജെപി ഔദ്യോഗികമായി വിശദീകരിക്കുന്നത്.

അറസ്റ്റിന് പിന്നാലെ തന്ത്രിയുടെ വീട്ടിൽ ഇന്ന് പ്രത്യേക അന്വേഷണ സംഘം വിശദമായ പരിശോധന നടത്തും. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രേഖകളോ തെളിവുകളോ കണ്ടെത്തുകയാണ് ലക്ഷ്യം. ദേവസ്വം മാനുവൽ പ്രകാരം അസിസ്റ്റന്റ് കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് തന്ത്രിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ എസ്ഐടി ചൂണ്ടിക്കാട്ടുന്നു. ദേവസ്വം സ്വത്തുക്കൾ സംരക്ഷിക്കാൻ ബാധ്യസ്ഥനായ ഉയർന്ന തസ്തികയിലുള്ള വ്യക്തിയാണ് തന്തിയെന്നും റിപ്പോർട്ടിലുണ്ട്.

തന്ത്രി കൈപ്പറ്റുന്ന 'പടിത്തരം' പ്രതിഫലം തന്നെയാണെന്നും ബോർഡിൽ നിന്ന് ശമ്പളം വാങ്ങുന്ന വ്യക്തി എന്ന നിലയിൽ ദേവസ്വം സ്വത്ത് സംരക്ഷിക്കാൻ അദ്ദേഹം നിയമപരമായി ബാധ്യസ്ഥനാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വ്യക്തമായ നിയമോപദേശത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് നീങ്ങിയതെന്നാണ് എസ്ഐടി നൽകുന്ന വിശദീകരണം.

Related Stories

No stories found.
Times Kerala
timeskerala.com