പത്തനംതിട്ട: ശബരിമല കട്ടിളപ്പാളി സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ശക്തമായ തെളിവുകൾ ലഭിച്ചതായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കോടതിയെ അറിയിച്ചു. പോറ്റിയെ റിമാൻഡ് ചെയ്തുകൊണ്ട് സമർപ്പിച്ച റിപ്പോർട്ടിലാണ് നിർണായക വിവരങ്ങൾ ഉള്ളത്.(Sabarimala gold theft case, Strong evidence against Unnikrishnan Potty)
കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞിരുന്നത് ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നു എന്നും, മറ്റ് പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. പാളികൾ ചെന്നൈയിൽ എത്തിച്ച് സ്വർണം വേർതിരിച്ചെടുത്തത് പോറ്റിയുടെ അറിവോടെയാണ്. ഇത് വിശ്വാസ വഞ്ചനയാണ് എന്നും റിപ്പോർട്ട് എടുത്തുപറയുന്നു.
ഇയാളുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി. ഇയാൾക്കെതിരെ ഗൂഢാലോചന വകുപ്പ് (IPC 120B) കൂടി ചുമത്തിയിട്ടുണ്ട്. പത്താം തീയതി വൈകുന്നേരം അഞ്ച് മണി വരെയാണ് പോറ്റിയെ എസ്.ഐ.ടി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ ലഭിച്ച പോറ്റിയെ എസ്.ഐ.ടി സംഘം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം പ്രസിഡൻ്റ് എൻ. വാസുവിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളും വാസുവിന്റെ മുൻ പി.എയുമായ സുധീഷ് കുമാറിൻ്റെ അറസ്റ്റിന് പിന്നാലെയാണ് വാസുവിനെ ചോദ്യം ചെയ്തത്.
ശബരിമലയിലെ സ്വർണ്ണപ്പാളികൾ പോറ്റി പുറത്തേക്ക് കൊണ്ടുപോയ സമയത്തോ തിരികെയെത്തിച്ചപ്പോഴോ താൻ ദേവസ്വം കമ്മീഷണറോ പ്രസിഡൻ്റോ ആയിരുന്നില്ലെന്നാണ് വാസുവിന്റെ വിശദീകരണം.
എന്നാൽ, കൈവശം ബാക്കിയുള്ള സ്വർണം എന്തു ചെയ്യണമെന്ന ചോദ്യവുമായി ഉണ്ണികൃഷ്ണൻ പോറ്റി കത്തയച്ചത് എൻ. വാസു ദേവസ്വം പ്രസിഡൻ്റ് ആയിരുന്ന കാലത്താണ്. 'കത്തയച്ചതിന് എന്താണ് കുഴപ്പം' എന്നായിരുന്നു വാസുവിന്റെ വിചിത്രമായ പ്രതികരണം. എസ്.ഐ.ടി. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്ന പ്രക്രിയ തുടരുകയാണ്.