കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാറിന് കുരുക്ക് മുറുകുന്നു. പത്മകുമാർ, കേസുമായി ബന്ധമുള്ള ഉണ്ണികൃഷ്ണൻ പോറ്റിക്ക് സർവ സ്വാതന്ത്ര്യവും നൽകിയിരുന്നതായി ദേവസ്വം ജീവനക്കാരുടെ മൊഴി ലഭിച്ചു. പോറ്റിയുടെ ബന്ധുക്കളും അതിഥികളുമാണ് ദേവസ്വം പ്രസിഡന്‍റിന്‍റെ മുറി ഉപയോഗിച്ചിരുന്നത്.(Sabarimala gold theft case, Statement of employees against A Padmakumar)
ഇവർക്ക് പൂജാ ബുക്കിംഗുകളിലും പ്രത്യേക പരിഗണന നൽകിയിരുന്നു എന്നും മൊഴിയുണ്ട്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പരിശോധനകൾക്കായി സന്നിധാനത്തെ സ്വർണപ്പാളികളുടെ സാമ്പിളുകൾ ഇന്ന് ശേഖരിക്കും.
സ്വർണക്കൊള്ളക്കേസിൽ കളളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നറിയാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ ആവശ്യപ്പെട്ടാണ് ഇ.ഡി. കോടതിയെ സമീപിച്ചത്. എഫ്.ഐ.ആർ., അനുബന്ധ മൊഴികൾ ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പാണ് കേന്ദ്ര ഏജൻസി തേടുന്നത്.
"ശബരിമല സ്വർണക്കൊളളയിൽ കളളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്നെന്നും വിശദമായ അന്വേഷണത്തിന് കേസുകളുടെ രേഖകളും വിശദാംശങ്ങളും വേണമെന്നുമാണ് ഇ.ഡി.യുടെ ആവശ്യം." ഈ ആവശ്യമുന്നയിച്ച് റാന്നി കോടതിയിൽ നൽകിയ അപേക്ഷ തള്ളിയതിനെ തുടർന്നാണ് ഇ.ഡി. ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, മണ്ഡലകാലത്തിന്‍റെ തുടക്കത്തിൽ തന്നെ ശബരിമലയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ നട തുറന്ന് രണ്ട് മണിക്കൂറിനുള്ളിൽ നിലയ്ക്കലിലെ പാർക്കിങ് ഗ്രൗണ്ടുകൾ നിറഞ്ഞു. സന്നിധാനത്ത് ഇന്നും നല്ല തിരക്കാണ്.
ഇന്ന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാരാണ് നട തുറന്നത്. സന്നിധാനത്തേക്കുള്ള കാനന പാതകൾ ഇന്ന് തീർത്ഥാടകർക്കായി തുറക്കും. എരുമേലിയിൽ നിന്ന് അഴുത, കരിമല വഴിയുള്ള പാതകളും വണ്ടിപ്പെരിയാർ സത്രത്തിൽ നിന്ന് പുല്ലുമേട് വഴിയുള്ള പാതകളുമാണ് തുറക്കുക. പുല്ലുമേട് വഴി രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് തീർത്ഥാടകരെ കടത്തിവിടുന്നത്.