തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് റിമാൻഡിലുള്ള മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ഒരുങ്ങുന്നു. ഇതിനായി കൊല്ലം വിജിലൻസ് കോടതിയിൽ ഇന്ന് അപേക്ഷ നൽകും.(Sabarimala gold theft case, SIT to take N Vasu into custody)
കേസിൽ നിർണ്ണായകമായേക്കാവുന്ന, ശബരിമലയിൽ നിന്നും ശേഖരിച്ച സ്വർണ്ണപ്പാളികളുടെ സാമ്പിളുകൾ ഇന്ന് എസ്.ഐ.ടി. കോടതിയിൽ ഹാജരാക്കും. ഈ സാമ്പിളുകൾ വിദഗ്ധ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും.
കട്ടിളപ്പാളികളിൽ നിന്നും ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണം പൂശിയ പാളികളിൽ നിന്നുമാണ് സാമ്പിളുകൾ ശേഖരിച്ചത്. ഇന്നലെ പുലർച്ചയോടെയാണ് സന്നിധാനത്തെ ശാസ്ത്രീയ പരിശോധനകൾ പൂർത്തിയാക്കിയത്. ഏകദേശം പത്ത് മണിക്കൂറോളമാണ് പരിശോധന നീണ്ടത്. പരിശോധനയ്ക്ക് ശേഷം സോപാനത്തെ പാളികൾ തിരിച്ചിരികെ സ്ഥാപിച്ചു.
പാളികളുടെ കാലപ്പഴക്കം പരിശോധിക്കുന്നത് അവ വ്യാജമാണോ എന്ന് കണ്ടെത്താൻ നിർണായകമാകും. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിന്റെ റിമാൻഡ് റിപ്പോർട്ടിൽ ദേവസ്വം ബോർഡിന്റെ പങ്ക് വ്യക്തമാക്കുന്ന ഗുരുതരമായ വിവരങ്ങളാണുള്ളത്.
സ്വർണ്ണം ചെമ്പാണെന്ന് വാസു രേഖപ്പെടുത്തിയത് ദേവസ്വം ബോർഡിന്റെ അറിവോടെയാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സ്വർണം പൂശിയ കട്ടിളപ്പാളിയാണെന്ന കാര്യം വാസുവിന് വ്യക്തമായി അറിയാമായിരുന്നു. എന്നിട്ടും അത് ചെമ്പായി രേഖപ്പെടുത്താൻ ഗൂഢാലോചന നടത്തി. സ്വർണം പൂശിയെന്ന പരാമർശം കമ്മീഷണർ മനഃപൂർവം ഒഴിവാക്കുകയായിരുന്നു.
ഈ രേഖ വെച്ചാണ് പിന്നീട് ദേവസ്വം ബോർഡ് തീരുമാനങ്ങൾ എടുത്തതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ദേവസ്വം ഉദ്യോഗസ്ഥർ, ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ മൊഴികൾ വാസുവിന്റെ പങ്ക് വ്യക്തമാക്കുന്നതായി അന്വേഷണ സംഘം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.