തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളിൽ കുറ്റപത്രം കുറ്റമറ്റതാക്കാൻ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. ഇതിനായി രണ്ട് പ്രമുഖ അഭിഭാഷകരുടെ പാനൽ എസ്ഐടി തയ്യാറാക്കി.(Sabarimala gold theft case, SIT to seek special prosecutor)
ലോകായുക്ത പ്രോസിക്യൂട്ടർ ചന്ദ്രശേഖരൻ നായർ, വിജിലൻസ് സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ എ. രാജേഷ് എന്നിവരാണ് പട്ടികയിലുള്ളത്. സങ്കീർണ്ണമായ കുറ്റപത്രം തയ്യാറാക്കുന്നതിന് വിദഗ്ധരായ പ്രോസിക്യൂട്ടർമാരുടെ സേവനം അനിവാര്യമാണെന്ന് എസ്ഐടി വിലയിരുത്തുന്നു.
ശ്രീകോവിലിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്പപ്പാളി എന്നീ രണ്ട് മോഷണക്കേസുകളിലും വെവ്വേറെ സ്പെഷ്യൽ പ്രോസിക്യൂട്ടർമാരെ നിയമിക്കാനുള്ള സാധ്യതയും അന്വേഷണസംഘം തേടുന്നുണ്ട്. ഇക്കാര്യത്തിൽ ഹൈക്കോടതിയെ അറിയിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.
കേസിലെ പ്രതികൾക്കായി രണ്ട് മുൻ ഹൈക്കോടതി ജഡ്ജിമാരടക്കമുള്ള പ്രമുഖ അഭിഭാഷക നിരയാണ് ഹാജരാകുന്നത്. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ കൂടി ഉൾപ്പെടുത്തി ഫെബ്രുവരി പകുതിയോടെ ആദ്യ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.