ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രിയുടെ വീട്ടിൽ ഇന്ന് SIT പരിശോധന; കസ്റ്റഡിയിലെടുക്കാൻ നീക്കം, 'ശമ്പളം വാങ്ങുന്നവർക്ക് സ്വത്ത് സംരക്ഷിക്കാൻ ബാധ്യതയുണ്ടെന്ന്' അന്വേഷണ സംഘം | Sabarimala

ഉടൻ തന്നെ കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം
Sabarimala gold theft case, SIT to inspect Tantri's house today
Updated on

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരരുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് പരിശോധന നടത്തും. കേസിൽ തന്ത്രിയുടെ പങ്കും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം.(Sabarimala gold theft case, SIT to inspect Tantri's house today)

തന്ത്രി ദേവസ്വം ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണെന്ന് എസ്ഐടി ചൂണ്ടിക്കാട്ടി. 'പടിത്തരം' എന്നത് പ്രതിഫലം തന്നെയാണെന്നും ബോർഡിൽ നിന്നും ശമ്പളം വാങ്ങുന്ന ഒരാൾ എന്ന നിലയിൽ ദേവസ്വം സ്വത്ത് സംരക്ഷിക്കാൻ തന്ത്രിക്ക് നിയമപരമായ ബാധ്യതയുണ്ടെന്നും എസ്ഐടി വ്യക്തമാക്കുന്നു.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവരരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിശദമായ അന്വേഷണം ആരംഭിക്കുന്നു. തന്ത്രിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഉടൻ തന്നെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

തന്ത്രി കണ്ഠരര് രാജീവരർക്കെതിരെ കൂടുതൽ നടപടികളുമായി പ്രത്യേക അന്വേഷണ സംഘം (SIT). ദ്വാരപാലക ശില്പത്തിൽ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേടിലും തന്ത്രിയെ പ്രതി ചേർക്കാനാണ് നീക്കം. ഇതുസംബന്ധിച്ച റിപ്പോർട്ട് ചൊവ്വാഴ്ച കോടതിയിൽ സമർപ്പിക്കും.

ദ്വാരപാലക ശില്പത്തിൽ യുബി ഗ്രൂപ്പ് സ്വർണ്ണം പൂശിയതിൽ തന്ത്രിക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്ന് എസ്‌ഐടി കണ്ടെത്തി. സ്വർണ്ണത്തിന് പകരം ചെമ്പ് ഉപയോഗിച്ചതായി രേഖപ്പെടുത്തിയ മഹസ്സറിൽ തന്ത്രി ഒപ്പിട്ടത് ഗൗരവകരമായ വീഴ്ചയായാണ് കണക്കാക്കുന്നത്. ദേവസ്വം മാനുവൽ പ്രകാരം ക്ഷേത്ര ചൈതന്യം കാത്തുസൂക്ഷിക്കാൻ തന്ത്രി ബാധ്യസ്ഥനാണ്. ഒരു അസിസ്റ്റന്റ് കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനുള്ളതിന് തുല്യമായ ഉത്തരവാദിത്തങ്ങൾ തന്ത്രിക്കുമുണ്ടെന്നും, അത് അദ്ദേഹം ലംഘിച്ചെന്നും എസ്‌ഐടി വ്യക്തമാക്കി.

തന്ത്രി ആചാരലംഘനം നടത്തിയതായും കൊള്ളയ്ക്ക് പിന്നിലെ ഗൂഢാലോചനയിൽ നേരിട്ട് പങ്കാളിയായതായും എസ്‌ഐടിയുടെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചതിനും സ്‌പോൺസറായി നിയമിച്ചതിനും പിന്നിൽ തന്ത്രിയുടെ സഹായമുണ്ടായിരുന്നു എന്നാണ് സൂചന.

ദ്വാരപാലക ശില്പത്തിന്റെ പാളിയിൽ സ്വർണ്ണം പൂശാൻ അനുമതി നൽകിയത് ലാഭവിഹിതം മുന്നിൽ കണ്ടുകൊണ്ടാണെന്നും, കട്ടിളപ്പാളികൾ കൊണ്ടുപോകുന്നത് അറിഞ്ഞിട്ടും തന്ത്രി അത് തടയാൻ ശ്രമിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്.

സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനായി തന്ത്രിയുടെ വീട്ടിലും അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റ് കേന്ദ്രങ്ങളിലും വരും ദിവസങ്ങളിൽ പരിശോധന നടത്തും. ക്ഷേത്ര ചൈതന്യം കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥനായ തന്ത്രി, കട്ടിളപ്പാളി കൊണ്ടുപോയ വിവരം എന്തുകൊണ്ട് ദേവസ്വം ബോർഡിനെ അറിയിച്ചില്ല എന്നതും ഗൗരവകരമായ വീഴ്ചയായി എസ്‌ഐടി ചൂണ്ടിക്കാട്ടുന്നു.

കൊല്ലം വിജിലൻസ് കോടതിയാണ് കണ്ഠരര് രാജീവരരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. നിലവിൽ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ കഴിയുന്ന തന്ത്രിയുടെ ജാമ്യാപേക്ഷ ജനുവരി 13-ന് കോടതി പരിഗണിക്കും. കേസിൽ 13-ാം പ്രതിയാണ് ഇദ്ദേഹം. ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് വൈദ്യസഹായം വേണമെന്ന തന്ത്രിയുടെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വേഗത്തിലാക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (PMLA) കേസെടുത്ത ഇഡി, പ്രധാന പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നാണ് വിവരം.

പ്രത്യേക അന്വേഷണ സംഘം പ്രതിചേർത്ത എല്ലാവരെയും ഉൾപ്പെടുത്തി ഇഡി കൊച്ചി യൂണിറ്റ് ഇസിഐആർ (ECIR) രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ അറസ്റ്റിലായ 13-ാം പ്രതി തന്ത്രി കണ്ഠരര് രാജീവരും ഇഡിയുടെ പ്രതിപ്പട്ടികയിൽ ഉണ്ടാകും.

കൊള്ളയിലൂടെ ഉണ്ടായ ആകെ സാമ്പത്തിക നഷ്ടം കണക്കാക്കി, അതിന് തുല്യമായ മൂല്യമുള്ള പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. 2019-ലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളിലാണ് പ്രാഥമിക അന്വേഷണമെങ്കിലും, 2025 വരെയുള്ള പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ ഇഡിയുടെ നിരീക്ഷണത്തിലുണ്ടാകും.

Related Stories

No stories found.
Times Kerala
timeskerala.com