കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ചതോടെ നടപടികൾ ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. നഷ്ടപ്പെട്ട സ്വർണ്ണം വീണ്ടെടുക്കുന്നതിനും കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനുമുള്ള നീക്കത്തിലാണ് പോലീസ്. ഈ മാസം 19-ന് കേസ് കോടതി വീണ്ടും പരിഗണിക്കുമ്പോൾ എസ്ഐടി തങ്ങളുടെ നാലാമത്തെ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും.(Sabarimala gold theft case, SIT to collect more evidence)
കേസിലെ പ്രധാന പ്രതി ഗോവർധന്റെ ഫ്ലാറ്റിൽ നിന്ന് പോലീസ് നേരത്തെ സ്വർണ്ണം കണ്ടെത്തിയിരുന്നു. ഇത് ശബരിമലയിൽ നിന്ന് നഷ്ടപ്പെട്ട അതേ സ്വർണ്ണമാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ജനുവരി എട്ടാം തീയതി ലഭിക്കും. സ്വർണ്ണം വീണ്ടെടുക്കുന്നതിൽ ഈ റിപ്പോർട്ട് അന്വേഷണസംഘത്തിന് നിർണ്ണായകമാകും.
സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതോടെ, കേസിലെ മറ്റൊരു പ്രമുഖനായ കെ.പി. ശങ്കരദാസിനെതിരെയുള്ള അന്വേഷണം ശക്തമാക്കാനാണ് എസ്ഐടി തീരുമാനം. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ ശങ്കരദാസിന്റെ അറസ്റ്റ് വൈകിപ്പിച്ചു എന്ന ആക്ഷേപം ശക്തമായിരുന്നു.
നിലവിൽ കഴിഞ്ഞ ആഴ്ച പക്ഷാഘാതം സംഭവിച്ചതിനെത്തുടർന്ന് ചികിത്സയിലാണ് അദ്ദേഹം. ഈ സാഹചര്യത്തിൽ, അറസ്റ്റ് നടപടികൾ സാങ്കേതികമായ നടപടിക്രമങ്ങളിൽ മാത്രമായി ഒതുങ്ങാനാണ് സാധ്യത.