തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക തെളിവുകൾ തേടി പ്രത്യേക അന്വേഷണ സംഘം കർണാടകയിലെ ബെല്ലാരിയിൽ. കേസിലെ പ്രതിയായ ഗോവർധന്റെ ഉടമസ്ഥതയിലുള്ള 'റൊഡ്ഡം ജ്വല്ലറി'യിലാണ് സംഘം പരിശോധന നടത്തുന്നത്. ഇത് രണ്ടാം തവണയാണ് അന്വേഷണ സംഘം ബെല്ലാരിയിൽ എത്തുന്നത്.(Sabarimala gold theft case, SIT team in Bellary; Govardhan's jewellery shop is being inspected)
നേരത്തെ നടത്തിയ പരിശോധനയിൽ ഇവിടെ നിന്ന് സ്വർണം പിടിച്ചെടുത്തിരുന്നു. ഗോവർധനെ നേരത്തെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘം, സ്വർണം ഉരുക്കി മാറ്റിയതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾക്കായാണ് ഇപ്പോൾ ജ്വല്ലറിയിൽ വീണ്ടും റെയ്ഡ് നടത്തുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ കെ.പി. ശങ്കർദാസ്, എൻ. വിജയകുമാർ എന്നിവർ കൊല്ലം വിജിലൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. അറസ്റ്റ് സാധ്യത മുൻകൂട്ടി കണ്ടാണ് ഈ നീക്കം. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ബോർഡ് പ്രസിഡന്റായിരുന്ന എ. പത്മകുമാറിനെ ചോദ്യം ചെയ്തിട്ടും മറ്റ് അംഗങ്ങളിലേക്ക് അന്വേഷണം നീളാത്തതിൽ ഹൈക്കോടതി എസ്ഐടിയെ രൂക്ഷമായി വിമർശിച്ചിരുന്നു. ബോർഡിലെ എല്ലാ അംഗങ്ങൾക്കും സംഭവത്തിൽ തുല്യ ഉത്തരവാദിത്തമുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികൾ കൈമാറിയതടക്കമുള്ള തീരുമാനങ്ങളിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തമുണ്ടെന്ന് മുൻ പ്രസിഡന്റ് എ. പത്മകുമാർ മൊഴി നൽകിയിട്ടുണ്ട്. ഇതോടെയാണ് ശങ്കർദാസിലേക്കും വിജയകുമാറിലേക്കും അന്വേഷണം നീണ്ടത്.