തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവരെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തു. കൊല്ലം വിജിലൻസ് കോടതി ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുനൽകിയ പ്രതികളെ ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പുറമെ സ്വർണം വേർതിരിച്ചെടുത്ത പങ്കജ് ഭണ്ഡാരി, സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ ഗോവർദ്ധൻ എന്നിവരെയാണ് ഇന്നലെ ഒന്നിച്ച് ചോദ്യം ചെയ്തത്.(Sabarimala gold theft case, SIT questions Unnikrishnan Potty, among others)
ചോദ്യം ചെയ്യലിൽ തന്റെ ഡൽഹി യാത്രയെക്കുറിച്ച് ഉണ്ണികൃഷ്ണൻ പോറ്റി വെളിപ്പെടുത്തലുകൾ നടത്തി. ഡൽഹിയിൽ വെച്ച് സോണിയ ഗാന്ധിയെ കണ്ടതിനെക്കുറിച്ചാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. കൊള്ളമുതൽ എവിടെയാണെന്ന് കണ്ടെത്താനും, ഗൂഢാലോചനയിൽ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെയോ സർക്കാരിലെ പ്രമുഖരുടെയോ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാനുമാണ് എസ്.ഐ.ടിയുടെ നീക്കം.
കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ അടുത്തയാഴ്ച എസ്.ഐ.ടി വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം പ്രശാന്തിനെയും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച മൊഴികളിലെ വൈരുദ്ധ്യം പരിഗണിച്ചാണ് വീണ്ടും വിളിപ്പിക്കുന്നത്.
സ്വർണപ്പാളികൾ എത്തിച്ച ഉണ്ണികൃഷ്ണൻ പോറ്റിക്കും അത് ഉരുക്കി വേർതിരിച്ച പങ്കജ് ഭണ്ഡാരിക്കും വാങ്ങിയ ഗോവർദ്ധനും കൊള്ളയിൽ തുല്യപങ്കുണ്ടെന്നാണ് കണ്ടെത്തൽ. പ്രതികൾക്ക് അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി ബന്ധമുണ്ടോ എന്ന കാര്യവും സംഘം പരിശോധിക്കുന്നുണ്ട്.