'അറിയാവുന്നവ പറഞ്ഞു, ഭക്തനെന്ന നിലയിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അറിയാം': ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കടകംപള്ളി സുരേന്ദ്രനെയും PS പ്രശാന്തിനെയും SIT ചോദ്യം ചെയ്തു, നിർണ്ണായകം, A പത്മകുമാറിനും ഗോവർദ്ധനും ജാമ്യമില്ല | Sabarimala
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസിലെ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ശനിയാഴ്ച ആയിരുന്നു ഈ നിർണ്ണായക നീക്കം നടന്നത്. പ്രത്യേക അന്വേഷണ സംഘം (SIT) തന്റെ മൊഴിയെടുത്തതായി മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്ഥിരീകരിച്ചു. 2019-ൽ മന്ത്രിയായിരുന്ന കാലയളവിലെ ചില വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം വിവരങ്ങൾ തേടിയത്. തനിക്ക് അറിയാവുന്ന കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ദേവസ്വം ബോർഡിന്റെ ദൈനംദിന ഭരണപരമായ കാര്യങ്ങളിൽ മന്ത്രിയെന്ന നിലയിൽ ഇടപെടാറില്ലെന്നും അത്തരം കാര്യങ്ങൾ തന്റെ ശ്രദ്ധയിൽ വരാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Sabarimala gold theft case, SIT questions Kadakampally Surendran and PS Prashanth)
ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ തനിക്ക് പരിചയമുണ്ടെന്ന് കടകംപള്ളി സുരേന്ദ്രൻ. സ്വർണം പൂശിയതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മന്ത്രിയെന്ന നിലയിൽ തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) മൊഴിയെടുത്ത കാര്യം സ്ഥിരീകരിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ശബരിമലയിലെ ഒരു ഭക്തനെന്ന നിലയിലും ക്ഷേത്രത്തിലേക്ക് സംഭാവനകൾ നൽകുന്ന വ്യക്തി എന്ന നിലയിലുമാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാവുന്നത്. ശബരിമലയിൽ സ്വർണം പൂശുന്നതിനായി ദേവസ്വം ബോർഡോ മറ്റ് വ്യക്തികളോ ഔദ്യോഗികമായി അപേക്ഷ നൽകിയിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാൻഡ് കാലാവധി കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി. കേസിൽ അതീവ നിർണ്ണായകമായ ദ്വാരപാലക ശില്പക്കടത്തുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷയിൽ ജനുവരി 7-നായിരിക്കും വിധി പുറപ്പെടുവിക്കുക.
കേസിലെ മറ്റ് പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, ഗോവർദ്ധൻ, ഭണ്ഡാരി എന്നിവരെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. ഡിണ്ടിഗൽ സ്വദേശി ഡി. മണിയെയും (ഡയമണ്ട് മണി) സഹായി ബാലമുരുകനെയും പ്രത്യേക അന്വേഷണ സംഘം (SIT) തിരുവനന്തപുരത്ത് ചോദ്യം ചെയ്തുവരികയാണ്. ഇവരിൽ നിന്ന് സ്വർണ്ണക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
കോടതിയിൽ ഹാജരാക്കുന്നതിനിടെ മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങൾക്ക് പത്മകുമാർ നൽകിയ മറുപടികൾ ശ്രദ്ധേയമായി. ദൈവതുല്യനായ നേതാവ് ആരെന്ന ചോദ്യത്തിന്, "വേട്ടനായ്ക്കളല്ല" എന്നായിരുന്നു പത്മകുമാറിന്റെ പരിഹാസരൂപേണയുള്ള മറുപടി.
എല്ലാം ചെയ്തത് പത്മകുമാർ ആണെന്നായിരുന്നു വിജയകുമാറിന്റെ മൊഴി. എന്നാൽ, "എല്ലാം അയ്യപ്പൻ നോക്കിക്കോളും" എന്നാണ് പത്മകുമാർ പ്രതികരിച്ചത്. കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാറിന്റെ വെളിപ്പെടുത്തലുകൾ ബോർഡിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സ്വർണ്ണപ്പാളി പുതുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റേതായിരുന്നുവെന്ന് വിജയകുമാർ മൊഴി നൽകി.
"സഖാവ് ബോർഡ് യോഗത്തിൽ പറഞ്ഞതുകൊണ്ട് ഒന്നും വായിച്ചു നോക്കാതെ താൻ ഒപ്പിടുകയായിരുന്നു. അദ്ദേഹത്തെ വിശ്വസിച്ചാണ് ഇത് ചെയ്തത്." - വിജയകുമാർ പറഞ്ഞു. സർക്കാരിന് നാണക്കേടുണ്ടാകാതിരിക്കാനാണ് താൻ കീഴടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, വിജയകുമാർ ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതായും പ്രതികൾക്ക് അന്യായ ലാഭമുണ്ടാക്കാൻ കൂട്ടുനിന്നതായും റിമാൻഡ് റിപ്പോർട്ടിൽ എസ്.ഐ.ടി ചൂണ്ടിക്കാട്ടുന്നു.
കേസിലെ മുഖ്യപ്രതികളായ മുൻ ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. 40 ദിവസമായി താൻ ജയിലിൽ കഴിയുകയാണെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും പത്മകുമാർ കോടതിയെ അറിയിച്ചെങ്കിലും നിലവിൽ ജാമ്യം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഹർജികൾ ഇനി കോടതി അവധിക്ക് ശേഷമേ പരിഗണിക്കുകയുള്ളൂ. അന്വേഷണം ഒരു പരിധിക്ക് അപ്പുറം മുന്നോട്ട് പോകുന്നില്ലെന്ന് ഹൈക്കോടതി ആവർത്തിച്ച് വ്യക്തമാക്കി. കേസിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ വേഗത്തിലുള്ള നീക്കങ്ങൾ വേണമെന്ന് കോടതി എസ്.ഐ.ടിയോട് ആവശ്യപ്പെട്ടു.
