തിരുവനന്തപുരം: ശബരിമല ശ്രീകോവിൽ സ്വർണ്ണക്കൊള്ള കേസിന്റെ അന്വേഷണം ഉന്നതങ്ങളിലേക്ക് നീങ്ങുന്നതായി സൂചന. കേസിൽ അറസ്റ്റിലായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തു.(Sabarimala gold theft case, SIT questions former Devaswom Board President N Vasu)
എസ്.പി. ശശിധരനാണ് മുൻ ദേവസ്വം കമ്മീഷണർ കൂടിയായ എൻ. വാസുവിൻ്റെ മൊഴി രേഖപ്പെടുത്തിയത്. വാസുവിൻ്റെ പി.എ. ആയി പ്രവർത്തിച്ചിരുന്ന സുധീഷ് കുമാർ അറസ്റ്റിലായതിന് പിന്നാലെയാണ് എസ്ഐടി നീക്കം.
സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും അടൂർ സ്വദേശിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിനെ അറസ്റ്റ് രേഖപ്പെടുത്തി കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. സുധീഷിനെതിരായ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതരമായ ഗൂഢാലോചനാ ആരോപണങ്ങളാണ് എസ്ഐടി ഉന്നയിക്കുന്നത്:
മുഖ്യപ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരുമായി സുധീഷ് കുമാർ ഗൂഢാലോചന നടത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്വർണ്ണമാണ് എന്ന് വ്യക്തമായി അറിഞ്ഞിട്ടും അത് 'ചെമ്പ്' എന്ന് വ്യാജരേഖയുണ്ടാക്കാൻ സുധീഷ് കൂട്ടുനിന്നു.
സ്വർണ്ണപ്പാളികൾ അഴിച്ചുമാറ്റിയ സമയത്ത് തിരുവാഭരണം കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യം പോലും ഉറപ്പാക്കുന്നതിൽ സുധീഷ്കുമാർ ബോധപൂർവ്വം വീഴ്ച വരുത്തി. സുപ്രധാന ചുമതലയിലിരുന്ന സുധീഷ്കുമാർ ബോധപൂർവ്വം വരുത്തിയ ഈ വീഴ്ചകൾ തട്ടിപ്പിന് വേണ്ടിയായിരുന്നുവെന്നാണ് എസ്ഐടിയുടെ നിഗമനം.
അറസ്റ്റിലായ സുധീഷ്കുമാറിനെ കൂടുതൽ ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച (ഇന്ന്) എസ്ഐടി കസ്റ്റഡിയിൽ വാങ്ങും. മുഖ്യപ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയും മുരാരി ബാബുവും നിലവിൽ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിലാണ്.
മുരാരി ബാബു അടുത്ത ദിവസങ്ങളിൽ റാന്നി മജിസ്‌ട്രേറ്റ് കോടതിയിൽ ജാമ്യഹർജി നൽകും. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെ പി.എ. ആയും സുധീഷ് പ്രവർത്തിച്ച പശ്ചാത്തലത്തിൽ, വരും ദിവസങ്ങളിലെ ചോദ്യം ചെയ്യൽ കേസിൽ കൂടുതൽ ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരാൻ നിർണ്ണായകമാകും.