

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായകമായ ചില കണ്ടെത്തലുകൾ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. കേസിൽ സംശയനിഴലിലായിരുന്ന തമിഴ്‌നാട് സ്വദേശിയായ വ്യവസായി ഡി. മണിക്ക് കവർച്ചയിൽ പങ്കില്ലെന്ന് എസ്‌ഐടി റിപ്പോർട്ടിൽ വ്യക്തമാക്കി. അതേസമയം, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും.(Sabarimala gold theft case, SIT mentions D Mani has no involvement in the case in report)
കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായോ മറ്റ് പ്രതികളുമായോ ഡി. മണിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് എസ്‌ഐടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഒരു പ്രവാസി വ്യവസായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഡി. മണിയെ ചോദ്യം ചെയ്തിരുന്നത്. ഡി. മണി തിരുവനന്തപുരത്ത് എത്തിയത് വ്യക്തിപരമായ ആവശ്യങ്ങൾക്കാണെന്നും അതിൽ യാതൊരുവിധ ദുരൂഹതകളുമില്ലെന്നും എസ്‌ഐടിയുടെ റിപ്പോർട്ടിൽ പറയുന്നു.
പ്രവാസി വ്യവസായി ആരോപിച്ചത് പോലെ ശബരിമലയിലെ സ്വർണ്ണ ഉരുപ്പടികളോ വിഗ്രഹങ്ങളോ ഡി. മണി കൈപ്പറ്റിയതിന് തെളിവില്ല. ഇയാൾക്ക് കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാനും കഴിഞ്ഞിട്ടില്ല. താൻ ഒരു റിയൽ എസ്റ്റേറ്റ് വ്യാപാരിയാണെന്നും പോലീസ് തന്നെ തെറ്റിദ്ധരിച്ചതാണെന്നുമാണ് മണി മൊഴി നൽകിയിരുന്നത്.
കേസിലെ നാലാം പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയെ എസ്‌ഐടി ഇന്ന് ചോദ്യം ചെയ്യുകയാണ്. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് ജയശ്രീ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായത്. 2019-ൽ ദേവസ്വം സെക്രട്ടറിയായിരിക്കെ, സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണിക്കായി കൊടുത്തുവിടാനുള്ള മിനിറ്റ്‌സിൽ തിരുത്തൽ വരുത്തി എന്നാണ് ഇവർക്കെതിരെയുള്ള കണ്ടെത്തൽ. ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് സുപ്രീം കോടതി ജയശ്രീയുടെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞിട്ടുണ്ട്. എന്നാൽ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയെ എസ്‌ഐടി കോടതിയിൽ ശക്തമായി എതിർത്തു. സ്വർണ്ണക്കവർച്ചയ്ക്ക് പത്മകുമാർ കൂട്ടുനിന്നു എന്നതിന് തെളിവുണ്ടെന്ന് അന്വേഷണ സംഘം വാദിച്ചു. ഔദ്യോഗിക ഫയലുകളിൽ 'സ്വർണ്ണം പൊതിഞ്ഞ ചെമ്പ് പാളികൾ' എന്നതിന് പകരം 'ചെമ്പ് പാളികൾ' എന്ന് പത്മകുമാർ സ്വന്തം കൈപ്പടയിൽ തിരുത്തിയതായി എസ്‌ഐടി കണ്ടെത്തി.
ഉണ്ണിക്കൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ എന്നിവരുമായി ചേർന്ന് തെളിവുകൾ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും പത്മകുമാർ ശ്രമിച്ചതായി സത്യവാങ്മൂലത്തിൽ പറയുന്നു. ജസ്റ്റിസ് എ. ബദറുദ്ദിന്റെ ബെഞ്ചാണ് പത്മകുമാറിന്റെയും സ്വർണ്ണ വ്യാപാരി ഗോവർദ്ധന്റെയും ജാമ്യാപേക്ഷകളിൽ ഇന്ന് വാദം കേൾക്കുന്നത്.
കേസ് അന്വേഷണത്തിൽ ഹൈക്കോടതി ദേവസ്വം ബെഞ്ച് തൃപ്തി രേഖപ്പെടുത്തി. സുപ്രധാന രേഖകൾ വീണ്ടെടുക്കാൻ എസ്‌ഐടിക്ക് കഴിഞ്ഞതായി നിരീക്ഷിച്ച കോടതി, അന്വേഷണം പൂർത്തിയാക്കാൻ ആറാഴ്ച കൂടി സമയം അനുവദിച്ചു. വിദേശ വിനിമയ ചട്ടങ്ങൾ ലംഘിക്കപ്പെട്ടോ എന്ന് പരിശോധിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ED) കേസ് ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.