തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പ്രമുഖരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം (എസ്.ഐ.ടി.) ഒരുങ്ങുന്നു. പത്മകുമാറിനെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിവരങ്ങൾ ശേഖരിക്കും.(Sabarimala gold theft case, SIT investigation to include more prominent figures)
കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ സ്പോൺസർ ആകാൻ സന്നദ്ധത പ്രകടിപ്പിച്ച് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെ അടക്കം സമീപിച്ചിരുന്നുവെന്നാണ് പത്മകുമാർ മൊഴി നൽകിയിരിക്കുന്നത്. ഈ മൊഴിയിൽ കൂടുതൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
പോറ്റിക്ക് പാളികൾ കൈമാറണമെന്ന കാര്യം പരിശോധിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നുവെന്ന പത്മകുമാറിന്റെ മൊഴിയാണ് മുൻ മന്ത്രിക്ക് കുരുക്കാകുന്നത്. പോറ്റിക്ക് ചെമ്പ് പാളികൾ കൈമാറുന്നതിനായി, പത്മകുമാർ ദേവസ്വം മിനിറ്റ്‌സിൽ 'ചെമ്പ് പാളികൾ' എന്ന് സ്വന്തം കൈപ്പടയിൽ എഴുതിച്ചേർത്തതായി എസ്.ഐ.ടി. കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും.
കഴിഞ്ഞ ദിവസം ആറന്മുളയിലെ പത്മകുമാറിന്റെ വീട്ടിൽ അന്വേഷണ സംഘം നടത്തിയ പരിശോധന 12 മണിക്കൂറിലേറെ നീണ്ടു. ഉച്ചയ്ക്ക് 12.15-ന് ആരംഭിച്ച പരിശോധന അർദ്ധരാത്രിയോടെയാണ് പൂർത്തിയായത്. പരിശോധനയിൽ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട നിർണ്ണായക രേഖകൾ എസ്.ഐ.ടി. കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഉണ്ണികൃഷ്ണൻ പോറ്റിക്കുവേണ്ടി പത്മകുമാർ നടത്തിയ ഇടപെടലുകളിൽ നിർണ്ണായക വിവരങ്ങൾ നൽകാൻ കഴിയുന്ന ദേവസ്വം ബോർഡിലെ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജേന്ദ്രൻ അടക്കമുള്ള ഉദ്യോഗസ്ഥരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. പത്മകുമാർ പല ഓഫീസുകളിലും ഉദ്യോഗസ്ഥരെ സ്വാധീനിച്ചു എന്നാണ് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിന്റെയും മൊഴി.
കട്ടിളപ്പാളികളും ശ്രീകോവിലിലെ വാതിലുമായി ഉണ്ണികൃഷ്ണൻ പോറ്റി വിവിധ സ്ഥലങ്ങളിൽ പൂജ നടത്തിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഈ പൂജയിൽ പങ്കെടുത്ത നടൻ ജയറാം അടക്കമുള്ളവരുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു.