തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണ്ണായകമായ അവസാനഘട്ട അന്വേഷണത്തിലേക്ക് പ്രത്യേക അന്വേഷണ സംഘം (SIT) കടക്കുന്നു. യഥാർത്ഥ തൊണ്ടിമുതൽ എവിടെ എന്ന ചോദ്യത്തിന് കേസിലെ പ്രധാന പ്രതികളിലൊരാളായ ഗോവർദ്ധൻ ഇതുവരെ വ്യക്തമായ മറുപടി നൽകാത്തത് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നുണ്ട്.(Sabarimala gold theft case, SIT investigation at the last stage)
കേസിലെ ദുരൂഹതകൾ നീക്കുന്നതിനായി ഗോവർദ്ധൻ, പങ്കജ് ഭണ്ഡാരി എന്നിവരെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് തീരുമാനിച്ചു. ഇതിനായുള്ള അപേക്ഷ നാളെ കോടതിയിൽ സമർപ്പിക്കും. 'സ്മാർട്ട് ക്രിയേഷൻസ്' എന്ന സ്ഥാപനത്തിൽ വെച്ച് വേർതിരിച്ചെടുത്ത സ്വർണം ആർക്കാണ് വിറ്റതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇടനിലക്കാരനായ കൽപേഷിനെ വീണ്ടും ചോദ്യം ചെയ്യുന്നതിലൂടെ സ്വർണം എവിടെയെന്ന കാര്യത്തിൽ സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷ.
കൊള്ളയ്ക്ക് പിന്നിൽ തമിഴ്‌നാട് സ്വദേശിയായ 'ഡി മണി' എന്നയാൾക്ക് ബന്ധമുണ്ടെന്ന പ്രവാസി വ്യവസായിയുടെ മൊഴിയാണ് ഇപ്പോൾ കേസിനെ പുതിയ തലത്തിൽ എത്തിച്ചിരിക്കുന്നത്. എന്നാൽ പോലീസ് കണ്ടെത്തിയ എം.എസ്. മണി എന്ന വ്യക്തി താനല്ല ആ 'ഡി മണി' എന്ന് ആവർത്തിച്ചു വ്യക്തമാക്കുന്നു.
തനിക്ക് ശബരിമല കൊള്ളയുമായി യാതൊരു ബന്ധവുമില്ല. തന്റെ പേരിൽ ഒരു പെറ്റി കേസ് പോലും നിലവിലില്ല. 'ഡി മണി' താനല്ല, എം.എസ്. മണിയാണെന്നും തന്നെ എന്തിനാണ് വേട്ടയാടുന്നതെന്നും ഇയാൾ വികാരാധീനനായി ചോദിക്കുന്നു. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കാൻ തയ്യാറാണെന്നും ഇയാൾ അറിയിച്ചു.
എന്നാൽ, എം.എസ്. മണി തന്നെയാണ് പ്രവാസി വ്യവസായി സൂചിപ്പിച്ച 'ഡി മണി' എന്ന് അന്വേഷണ സംഘം ഉറപ്പിച്ചു പറയുന്നു.മൊഴി പ്രകാരം ലഭിച്ച ഫോൺ നമ്പറാണ് അന്വേഷണത്തെ തമിഴ്‌നാട്ടിലെ ഡിണ്ടിഗലിൽ എത്തിച്ചത്. ഡി മണി ഉപയോഗിച്ചതായി പറയുന്ന ഫോൺ നമ്പർ ഡിണ്ടിഗൽ സ്വദേശിയായ ബാലമുരുകൻ എന്നയാളുടെ പേരിലുള്ളതാണ്. ബാലമുരുകൻ തന്റെ സുഹൃത്താണെന്ന് മണി സമ്മതിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ഈ മാസം 30-ന് ഹാജരാകാൻ ആവശ്യപ്പെട്ട് ബാലമുരുകനും എസ്.ഐ.ടി നോട്ടീസ് നൽകി. മണി നിലവിൽ ഉപയോഗിക്കുന്ന മൂന്ന് നമ്പറുകളും മറ്റുള്ളവരുടെ പേരിലാണ് എടുത്തിട്ടുള്ളതെന്നതും പോലീസിൽ ഇയാൾക്കുള്ള സ്വാധീനവും അന്വേഷണ സംഘം ഗൗരവത്തോടെയാണ് കാണുന്നത്.
ആറു വർഷത്തിനിടെ മണിക്കുണ്ടായ അസാധാരണമായ സാമ്പത്തിക വളർച്ചയും ഡിണ്ടിഗൽ കേന്ദ്രീകരിച്ചുള്ള ഇയാളുടെ ബന്ധങ്ങളും ദുരൂഹത വർധിപ്പിക്കുന്നു. തിരുവനന്തപുരത്തെ എസ്.ഐ.ടി ഓഫീസിൽ ഹാജരാകാൻ മണിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.