ശബരിമല സ്വർണ്ണക്കൊള്ള കേസ്: അന്വേഷണം ഊർജ്ജിതമാക്കി SIT; കൂടുതൽ ദേവസ്വം ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും, ഇന്ന് ദേവസ്വം ബോർഡ് യോഗം | Sabarimala
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ഉദ്യോഗസ്ഥൻ മുരാരി ബാബുവില്‍ നിന്ന് ലഭിച്ച നിർണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷണം വ്യാപിപ്പിച്ചു. കേസിൽ കൂടുതൽ ദേവസ്വം ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തും. വിവാദങ്ങൾക്കിടെ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും.(Sabarimala gold theft case, SIT intensifies investigation)
കേസിലെ മുഖ്യപ്രതികളിലൊരാളായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമല, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് എസ്‌ഐടിയുടെ തീരുമാനം. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് അന്വേഷണം ഉണ്ണികൃഷ്ണൻ പോറ്റിയിലും സ്വർണ്ണപ്പാളിയിലും മാത്രം ഒതുക്കാതെ ഉദ്യോഗസ്ഥ ഗൂഢാലോചനയിലേക്ക് വ്യാപിപ്പിച്ചത്.
മുരാരി ബാബുവിന്റെ റിമാൻഡ് റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ
മുരാരി ബാബുവിന്റെ റിമാൻഡ് റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്വർണ്ണപ്പാളികൾ 'ചെമ്പ്' എന്ന് മനപ്പൂർവ്വം രേഖപ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണ്. 1998-ൽ തന്നെ പാളികൾ സ്വർണം പൂശിയതാണെന്ന് മുരാരി ബാബുവിന് വ്യക്തതയുണ്ടായിരുന്നു. തട്ടിപ്പിനായി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം മുരാരി ബാബു ഗൂഢാലോചന നടത്തിയെന്നും ബോധപൂർവം തട്ടിപ്പുകൾക്ക് കൂട്ടുനിന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
മുരാരി ബാബു ക്ഷേത്ര ശ്രീകോവിൽ കട്ടളയിലെ സ്വർണ്ണം കൊള്ള ചെയ്ത കേസിലും പ്രതിയാണെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചു. ശബരിമല ക്ഷേത്ര വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
അറസ്റ്റും റിമാൻഡും
മുരാരി ബാബുവിനെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് ആഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഇന്നലെ രാത്രി പത്തു മണിയോടെ പെരുന്നയിലെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. അർധരാത്രിയോടെ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം രാവിലെ ഒൻപത് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നിലവിൽ കസ്റ്റഡി ആവശ്യപ്പെട്ടിട്ടില്ലെങ്കിലും, പിന്നീട് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
ബിജെപി പ്രതിഷേധം കടുപ്പിക്കുന്നു
ശബരിമല സ്വർണ്ണക്കൊള്ളയിൽ ബിജെപി പ്രതിഷേധം കടുപ്പിക്കുകയാണ്. ഇന്നും നാളെയുമായി സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരവും സെക്രട്ടേറിയറ്റ് വളയലും ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
