ശബരിമല സ്വർണ്ണക്കൊള്ള കേസ് : തന്ത്രിയുടെ വീട്ടിൽ SIT പരിശോധന, അഭിഭാഷകയായ മരുമകളെ വസതിക്കുള്ളിൽ കയറ്റിയില്ല, രേഖകൾ കണ്ടെടുക്കാൻ ശ്രമം | Sabarimala

അകന്ന ബന്ധുക്കളെയും പുറത്തിറക്കി.
ശബരിമല സ്വർണ്ണക്കൊള്ള കേസ് : തന്ത്രിയുടെ വീട്ടിൽ SIT പരിശോധന, അഭിഭാഷകയായ മരുമകളെ വസതിക്കുള്ളിൽ കയറ്റിയില്ല, രേഖകൾ കണ്ടെടുക്കാൻ ശ്രമം | Sabarimala
Updated on

ആലപ്പുഴ: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവരരുടെ വീട്ടിൽ എസ് ഐ ടി പരിശോധന. ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചെങ്ങന്നൂരിലെ തന്ത്രിയുടെ വീട്ടിൽ പരിശോധന നടത്തുന്നത്. പരിശോധനയ്ക്കിടെ നാടകീയമായ സംഭവങ്ങളാണ് വീടിന് മുന്നിൽ അരങ്ങേറിയത്.(Sabarimala gold theft case, SIT inspects Tantri's house)

പരിശോധന നടക്കുമ്പോൾ വീട്ടിലെത്തിയ തന്ത്രിയുടെ മരുമകളെ അകത്തേക്ക് കടത്തിവിടാൻ പോലീസ് തയ്യാറായില്ല. അഭിഭാഷക കൂടിയായ അവരെ വീടിന് മുന്നിൽ വെച്ച് തന്നെ പോലീസ് തടയുകയും മടക്കി അയക്കുകയും ചെയ്തു.

അന്വേഷണത്തിന്റെ ഭാഗമായി ആരെയും അകത്തേക്ക് പ്രവേശിപ്പിക്കരുതെന്ന നിർദ്ദേശമുള്ളതിനാൽ, വീട്ടിലുണ്ടായിരുന്ന അകന്ന ബന്ധുക്കളെയും അന്വേഷണ സംഘം പുറത്തിറക്കി. രേഖകൾ കണ്ടെടുക്കാനാണ് ശ്രമം.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവരരെ ഉയർന്ന രക്തസമ്മർദ്ദവും ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളും കാരണമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് എന്ന് വിവരം. ശനിയാഴ്ച രാവിലെ ജയിലിൽ വെച്ച് തലകറക്കവും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെത്തുടർന്ന് ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു.

കാലിന് നീരുണ്ടെന്നും ഇ സി ജിയിൽ കൂടുതൽ പരിശോധന വേണ്ടിവരുമെന്നും ഡോക്ടർമാർ പറയുന്നു. ഒന്നും പറയാനില്ല എന്നാണ് തന്ത്രി പ്രതികരിച്ചത്. സ്വർണ്ണക്കട്ടിള പാളി കേസിന് പുറമെ, ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്തിയ കേസിലും തന്ത്രിയെ പ്രതി ചേർക്കാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. സ്വർണ്ണപ്പാളികൾ ചെമ്പാക്കി മാറ്റിയ മഹസ്സറിൽ തന്ത്രി ഒപ്പിട്ടത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് എസ്‌.ഐ.ടി കരുതുന്നു.

ദേവസ്വം മാനുവൽ പ്രകാരം ക്ഷേത്ര സ്വത്തുക്കൾ സംരക്ഷിക്കാൻ തന്ത്രിക്കും ബാധ്യതയുണ്ടെന്നും, അസിസ്റ്റന്റ് കമ്മീഷണറുടെ അതേ ഉത്തരവാദിത്തം തന്ത്രിക്കുണ്ടെന്നുമാണ് ലഭിച്ച നിയമോപദേശം. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ തന്ത്രി മൗനാനുവാദം നൽകിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

തന്ത്രിയെ പ്രതി ചേർക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് ചൊവ്വാഴ്ച കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിക്കും. അന്നേ ദിവസം തന്നെയാണ് തന്ത്രിയുടെ ജാമ്യാപേക്ഷയും പരിഗണിക്കുന്നത്. തന്ത്രി, ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാർ എന്നിവരെ ഒരുമിച്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും എസ്‌.ഐ.ടി നീക്കം നടത്തുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com