തിരുവനന്തപുരം: ശബരിമലയിലെ നാല് പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയതായി വിദേശ വ്യവസായി മൊഴി നൽകിയ ചെന്നൈ സ്വദേശി 'ഡി. മണി' എന്നയാൾ ഉണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു. മൊഴിയിൽ പറയുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡി. മണിയുടെ സംഘത്തിലുള്ളവരെ എസ്ഐടി ഫോണിൽ ബന്ധപ്പെട്ടു. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി അന്വേഷണ സംഘം ചെന്നൈയിലേക്ക് തിരിച്ചു.(Sabarimala gold theft case, SIT confirms existence of D Mani)
2019-20 കാലയളവിൽ ശബരിമലയിലെ നാല് പഞ്ചലോഹ വിഗ്രഹങ്ങൾ വിദേശത്തേക്ക് കടത്തി. ഇത് വാങ്ങിയത് ചെന്നൈ സ്വദേശിയായ ഡി. മണിയാണ്. ശബരിമലയുടെ ഭരണച്ചുമതലയുണ്ടായിരുന്ന ഒരു ഉന്നതന്റെ നേതൃത്വത്തിലാണ് വിഗ്രഹങ്ങൾ കടത്തിയത്. ഇതിന് പിന്നിൽ വലിയൊരു രാജ്യാന്തര സംഘം പ്രവർത്തിച്ചിട്ടുണ്ട് എന്നാണ് സൂചന.
സ്വർണ്ണക്കൊള്ള കേസിലെ പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയാണ് ഈ ഇടപാടിലും ഇടനിലക്കാരനായി പ്രവർത്തിച്ചതെന്നാണ് മൊഴി. 2020 ഒക്ടോബർ 26-ന് തിരുവനന്തപുരത്ത് വെച്ച് പണം കൈമാറി. ഇതിൽ ഡി. മണിയും ഉണ്ണിക്കൃഷ്ണൻ പോറ്റിയും ശബരിമലയിലെ ഉന്നതനും നേരിട്ട് പങ്കെടുത്തു.
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദുബായിലെ വ്യവസായിയുടെ മൊഴി എസ്ഐടി രേഖപ്പെടുത്തിയത്.